Advertisement
Entertainment news
ചെറിയ കഷണ്ടിയുള്ളതിനാല്‍ പ്രായമാക്കാനും വിഗ് വെച്ചാല്‍ ചെറുപ്പമാക്കാനും കഴിയുന്ന നടനായിരുന്നു അദ്ദേഹം: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 19, 05:46 am
Wednesday, 19th March 2025, 11:16 am

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഏറെ കൈയടി നേടിയ നടനായിരുന്നു നടക്കപ്പറമ്പില്‍ ഫ്രാന്‍സിസ് വര്‍ഗീസ് എന്ന എന്‍.എഫ്. വര്‍ഗീസ്. കടയാടി രാഘവന്‍, മമ്പറം ബാവ, മണപ്പള്ളി പവിത്രന്‍, ളാഹേല്‍ വക്കച്ചന്‍ തുടങ്ങി എന്‍.എഫ്. വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. നാടകത്തില്‍ നിന്ന് മിമിക്രിയിലേക്കും സിനിമയിലേക്കുമെത്തിയ നടനായ അദ്ദേഹം ഈ അനുഭവങ്ങളെല്ലാം സിനിമയിലും ഉപയോഗിച്ചു.

എന്‍.എഫ്. വര്‍ഗീസിന് നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. ഏത് വേഷവും അനായാസമായി പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ആളായിരുന്നു എന്‍.എഫ്. വര്‍ഗീസ് എന്ന് പറയുകയാണിപ്പോള്‍ ബെന്നി പി. നായരമ്പലം.

എന്‍.എഫ്. വര്‍ഗീസിന് ചെറിയ കഷണ്ടിയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ പ്രായമുള്ള കഥാപാത്രമാക്കാനും വിഗ് വെച്ചാല്‍ അത്യാവശ്യത്തിന് ചെറുപ്പമാക്കാനും കഴിയുമായിരുന്നു എന്നും ബെന്നി പി. നായരമ്പലം പറയുന്നു. അമൃത ടി.വിയുടെ ഓര്‍മയില്‍ എന്നും എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏത് വേഷവും അദ്ദേഹത്തിനിണങ്ങുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു. വളരെയധികം പ്രായമുള്ള വേഷമൊക്കെ ചെയ്തിട്ടുണ്ട് അദ്ദേഹം. എന്റെ തന്നെ അച്ചാമക്കുട്ടിയുടെ അച്ചായന്‍ എന്ന സിനിമയില്‍ നായികയുടെ അച്ഛനാണ് അദ്ദേഹം. വാഴുന്നോരില്‍ ഏറ്റവും മൂത്ത മകനാണ്. കുരുവിള എന്ന കഥാപാത്രം. അത് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

പ്രായത്തില്‍ നിന്ന് മാറി വിഗ് വെച്ചാല്‍ ചെറുപ്പവും ഫീല്‍ ചെയ്യുമായിരുന്നു അക്കാലത്ത്. ചെറിയ കഷണ്ടിയൊക്കെ ഉള്ളതിനാല്‍ പ്രായമാക്കാനും നല്ല വിഗ് വെച്ചാല്‍ ചെറുപ്പമാക്കാനും കഴിയുമായിരുന്ന നടനായിരുന്നു അദ്ദേഹം,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

രൂപം മാറ്റാന്‍ കഴിയുന്നത് പോലെ തന്നെ സമൂഹത്തിന്റെ ഏത് പ്രദേശത്തും അവതരിപ്പിക്കാന്‍ കഴിയുമായിരുന്ന നടനായിരുന്നു എന്‍.എഫ്. വര്‍ഗീസെന്ന് പരിപാടിയുടെ അവതാരകനായ രമേശ് പിഷാരടിയും പറഞ്ഞു. സ്യൂട്ടും കോട്ടുമിട്ട് എക്‌സിക്യൂട്ടീവ് ലുക്കിലും കൈലിയും ബനിയനുമുടുത്ത് ഗ്രാമപ്രദേശങ്ങളിലെ കഥാപാത്രമായും അദ്ദേഹത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്നും രമേശ് പിഷാരടി പറഞ്ഞു.

മന്ത്രമോതിരത്തിലെ റേഷന്‍ കടക്കാരനും ദുബായ് സിനിമയിലെ കഥാപാത്രവും അദ്ദേഹത്തിന്റെ അത്തരം കഥാപാത്രങ്ങള്‍ക്ക് ഉദാഹരണമാണെന്നും രേമശ് പിഷാരടിയും ബെന്നി പി. നായരമ്പലും പറഞ്ഞു.

content highlights: Benny P. Nayarambalam and Ramesh Pisharadi about NF. Varghese