വിദ്യാഭ്യാസമില്ലാത്ത മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് തൊമ്മനും മക്കളുമെന്ന ടൈറ്റിലും ആ ടൈറ്റില്‍ എഴുതിയിരിക്കുന്ന രീതിയും വളരെ അനുയോജ്യമായിരുന്നു എന്ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം. തൊമ്മന്റെ മക്കള്‍ എന്ന സിനിമ നേരത്തെ വന്നത് കൊണ്ട് തന്നെ അതിനോട് സമാനമായിട്ടാണ് തൊമ്മനും മക്കളും എന്ന പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റ് വന്നതുപോലെ തൊമ്മനും മക്കളും എന്ന് എഴുതിയിരിക്കുന്ന സ്‌റ്റൈല്‍ ലാലിന്റെ ഐഡിയ ആയിരുന്നു എന്നും സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘കല്യാണരാമന്റെ വിജയത്തിന് ശേഷമാണ് ലാലിന്റെ ആവശ്യാര്‍ത്ഥം പുതിയൊരു കഥയാലോചിക്കുന്നത്. മൂന്ന് കള്ളന്‍മാരുടെ കഥ എന്ന ഒരു ഐഡിയ എന്റെ മനസില്‍ വന്നു. അത് ഞാന്‍ ലാലിനോട് പറഞ്ഞു. സാധാരണ മോഷ്ടിക്കുന്ന കള്ളന്‍മാരുടെ കഥയാണ് നമ്മള്‍ പറയാറുള്ളത് എങ്കില്‍, ഇത് നേര്‍വിപരീതമായിരുന്നു. മോഷണം നിര്‍ത്തിയ മൂന്ന് കള്ളന്‍മാരുടെ കഥയാണ്. അവര്‍ നല്ലവരായി ജീവിക്കുകയും മുന്‍കാല ചെയ്തികള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായിരുന്നു ഈ കഥ.
അന്ന് തൊമ്മനും മക്കളും എന്ന പേരുണ്ടായിരുന്നില്ല. പിന്നീടാണ് പേരിലേക്ക് എത്തുന്നത്. തൊമ്മന്റെ മക്കള്‍ എന്ന പേരില്‍ പണ്ട് ഒരു സിനിമ വന്നിരുന്നു. അതായിട്ട് സാദൃശ്യമെന്ന ആലോചനയില്‍ നിന്നാണ് തൊമ്മനും മക്കളുമെന്നാക്കാം പേര് എന്ന ആലോചന വരുന്നത്.
ടൈറ്റിലില്‍ തൊമ്മന്റെ ത കഴിഞ്ഞിട്ടുള്ള ദീര്‍ഘം മുകളിലേക്ക് ഒരു കുനുപ്പ് (അടയാളം, മാര്‍ക്ക്) ഇട്ട് എഴുതിയത് ലാലിന്റെ ഐഡിയയായിരുന്നു. അദ്ദേഹം ഒരു കടലാസില്‍ അത് എഴുതി കാണിച്ചിട്ട് ഇങ്ങനെ എഴുതിയാലോ എന്ന് ചോദിച്ചു. അതിന്റെ പിന്നില്‍ രസകരമായ ഒരു അനുഭവവും പുള്ളി പറഞ്ഞിരുന്നു. പണ്ടൊരു ആര്‍ട് ഡയറക്ടര്‍ പൊലീസ് സ്റ്റേഷന്‍ എന്ന് ബോര്‍ഡ് എഴുതി വെച്ചപ്പോള്‍ പൊലീസിന്റെ എല്‍ കഴിഞ്ഞ് ഐ ഇടാന്‍ മറന്നു പോകുകയും സംവിധായകന്‍ ചീത്ത പറഞ്ഞപ്പോള്‍ ഇതു പോലെ ഒരു കുനുപ്പിട്ട് മുകളില്‍ ഐ എഴുതുകയും ചെയ്ത ഒരു സംഭവമുണ്ടായിരുന്നു.
ആ അനുഭവത്തില്‍ നിന്നാണ് ഈ ഐഡിയ ഉണ്ടായിരിക്കുന്നത്. ഇങ്ങനെ ഒരു ടൈറ്റില്‍ വരുമ്പോള്‍ തന്നെ വിദ്യാഭ്യാസമില്ലായ്മ എന്ന കാര്യം പ്രേക്ഷകരിലേക്ക് എളുപ്പത്തില്‍ എത്തിക്കാനാകുമായിരുന്നു. അതായത് അക്ഷരത്തെറ്റുള്ള ഒരു ടൈറ്റില്‍, അത് തിരുത്തിയിട്ട് മുകളില്‍ ഒരു ദീര്‍ഘമിട്ടിരിക്കുന്നു. വിദ്യാഭ്യാസമില്ലാത്ത മൂന്ന് കഥാപാത്രങ്ങളുടെ കഥക്ക് അത് അനുയോജ്യമായ ഒരു ടൈറ്റിലാണെന്ന് എനിക്കും തോന്നി. അങ്ങനെയാണ് ആ ടൈറ്റില്‍ ഫിക്‌സ് ചെയ്തത്,’ ബെന്നി പി.നായരമ്പലം പറഞ്ഞു.
content highlights: Benny p nayarambalam about the style of Thommanum makkalum title