മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം.
1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചാന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി.
ഇവയിൽ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളിൽ ഒന്നാണ് ചട്ടമ്പിനാട്. ഈയിടെ അന്തരിച്ച സംവിധായകൻ ഷാഫി ഒരുക്കിയ സിനിമയിൽ മമ്മൂട്ടി, റായ് ലക്ഷ്മി, വിനു മോഹൻ തുടങ്ങിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ദശമൂലം ദാമു എന്ന കഥാപാത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂട് എല്ലാവരെയും ചിരിപ്പിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് കോമഡി കഥാപാത്രമായി മാറുകയായിരുന്നു.
ദശമൂലം ദാമു എന്ന കഥാപാത്രം ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് ബെന്നി.പി.നായരമ്പലം. മദ്യത്തെ പ്രോത്സാഹിപ്പിക്കാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണ് പേരിനൊപ്പം ദശമൂലം എന്ന് ചേർത്തതെന്നും ട്രോളന്മാരിലൂടെയാണ് ആ കഥാപാത്രം ഇന്നും ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദാമുവിനു വേണ്ടി എന്തും ചെയ്യാൻ സുരാജ് റെഡിയായിരുന്നുവെന്നും ഇനിയും അത്തരത്തിലൊരു കഥാപാത്രം വേണമെന്ന് സുരാജ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാമുവിനു വേണ്ടി എന്തും ചെയ്യാൻ സുരാജ് റെഡിയായിരുന്നു
– ബെന്നി.പി.നായരമ്പലം
‘ദാമുവിന്റെ കൂടെ ഒട്ടിനിൽക്കുന്ന ദശമൂലം എന്ന പേര് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിൽ നിന്നു കിട്ടിയതാണ്. മദ്യത്തെ പ്രോത്സാഹിപ്പിക്കാൻ തോന്നിയില്ല. എപ്പോഴും മദ്യപിക്കുന്ന ആളായാൽ കോമഡിക്ക് കാലുറയ്ക്കില്ല. അങ്ങനെയാണ് ദാമുവിൻ്റെ വീക്നെസ് അരിഷ്ടമാക്കി മാറ്റിയത്. ദശമൂലാരിഷ്‌ടം കഴിച്ചിട്ടേ അടിക്കാൻ പോകൂ. അടി കഴിഞ്ഞാൽ ഉടൻ ധന്വന്തരം കുഴമ്പ് ഇട്ട് തടവണം. അങ്ങനെ ദാമു ആയുർവേദ സ്നേഹിയായി. അതോടെയാണ് നാട്ടിൽ ആയൂർവേദ കടയും വൈദ്യരുടെ കഥാപാത്രവും ഉണ്ടായത്.
സോഷ്യൽമീഡിയയാണ് ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. ദാമുവിനെ വളർത്തിയത് ഇന്നത്തെ ട്രോളൻമാരാണ്. അവരിൽ കൂടിയാണ് സത്യത്തിൽ ദാമു ജീവിച്ചിരിക്കുന്നത്. ഈയൊരു ലെവലിലേക്ക് പോകുമെന്ന് അന്ന് ഓർത്തില്ല. സുരാജ് ദാമുവായി അഭിനയിക്കാൻ വരുമ്പോൾ സുരാജിന് നല്ല മുടി ഉണ്ടായിരുന്നു. അത് പറ്റെ വെട്ടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. അതോടെ ഒരു ഗുണ്ട ലുക്ക് ആയി. ദാമുവിനു വേണ്ടി എന്തും ചെയ്യാൻ സുരാജ് റെഡിയായിരുന്നു. അന്നേ സുരാജിന് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്. ചേട്ടാ, അതുപോലെ ഒരു സാധനം ഇനിയും എനിക്കുവേണ്ടി ഉണ്ടാക്കണമെന്ന് സുരാജ് ഇടയ്ക്ക് പറയാറുണ്ട്.
ലുക്കിൽ ഗുണ്ടയാണെങ്കിലും എവിടെയൊക്കെയോ ഒരു നിഷ്കളങ്ക ഭാവം ദാമുവിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ‘ധൈര്യം തന്ന് എന്നെ കൊല്ലാൻ നോക്കുന്നോടാ, എന്റെ ഭാര്യക്കും മക്കൾക്കും നീ ചെലവിന് കൊടുക്കുമോ’ എന്ന് ചോദിക്കുന്നത്. പേടി മറച്ചു വച്ച തള്ളുഭാവം. ഇങ്ങനെ സമകാലിക സംഭവങ്ങൾക്ക് വാരി വിതറാവുന്ന എല്ലാ ഭാവങ്ങളും സുരാജ് ആ സിനിമയിൽ വാരി വിതറിയിട്ടുണ്ട്,’ബെന്നി.പി.നായരമ്പലം പറയുന്നു.
Content Highlight: Benny.p.nayarambalam About Suraj Venjaramood’s Performance In Chattambinad