| Tuesday, 20th June 2023, 3:18 pm

അന്ന് ഊണ്‍കഴിക്കാന്‍ വിളിച്ചിട്ട് വരാത്തവനാണ് നീ; അവാര്‍ഡ് കിട്ടിയതിന് അഭിനന്ദിക്കാന്‍ പോയപ്പോള്‍ സലിംകുമാര്‍ പറഞ്ഞതാണിത്: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സലീംകുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ അഭിനന്ദിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ബെന്നി പി. നായരമ്പലം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സലിംകുമാറിന്റെ നാട്ടില്‍ നാടകം കളിക്കാന്‍ പോയപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ഊണ്‍ കഴിക്കാന്‍ വിളിച്ചിരുന്നെങ്കിലും അത് നിരസിച്ചിരുന്നു.

അതിന് പകരമായി അവാര്‍ഡ് കിട്ടിയതിന് അഭിനന്ദിക്കാന്‍ പോയപ്പോള്‍ സലിംകുമാര്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. അന്ന് ക്ഷണം നിരസിച്ചത് സലിംകുമാറിന് വിഷമുണ്ടാക്കിയതായി പിന്നീട് മനസ്സിലായെന്നും സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

‘ഞാന്‍ പ്രൊഫഷണല്‍ നാടകം എഴുതി സംവിധാനം ചെയ്ത് കൊണ്ടിരുന്ന കാലത്ത് രാജന്‍ പി. ദേവിന്റെ കൂടെ ചിറ്റാറ്റുകര എന്ന സ്ഥലത്ത് നാടകം കളിക്കാന്‍ പോയിരുന്നു. അവിടെയാണ് സലിംകുമാറിന്റെ വീട്. സലിംകുമാര്‍ ഇടക്ക് സുഹൃത്തായ ബേബിച്ചനെ കാണാന്‍ നായരമ്പലത്ത് വരുമ്പോള്‍ എന്നെ കാണുകയും ഞങ്ങള്‍ സംസാരിച്ചിരിക്കാറുമുണ്ടായിരുന്നു. ആ ബന്ധംവെച്ച് നാടകം കളിക്കാന്‍ വന്ന സമയത്ത് സലിംകുമാര്‍ എന്നെ കാണാന്‍ വന്നു. ഗ്രീന്‍ റൂമില്‍ വെച്ച്‌ രാജന്‍ പി.ദേവിനോട് എന്നെ ചോദിച്ചു. എന്നെ വന്ന് കാണുകയും ചെയ്തു.

രാത്രി ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കഴിക്കാമെന്നും പറഞ്ഞു. നാടകത്തില്‍ ബാക്കിയെല്ലാവരുമുള്ളത് കൊണ്ട് ഞാനത് നിരസിച്ചു. മാത്രവുമല്ല കമ്മറ്റിക്കാര്‍ ഭക്ഷണം ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. രാജന്‍ പി.ദേവ് ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിരിക്കെ ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുകയെന്നത് മോശമായതിനാല്‍ സലിംകുമാറിന്റെ ക്ഷണം നിരസിച്ചു.

ആദ്യം അദ്ദേഹം അതിന് തയ്യറായില്ല, വീട്ടില്‍ നോമ്പായിരുന്നു എന്നും എനിക്ക് വേണ്ടി പുറത്ത് പ്രത്യേകം മീന്‍ ഉള്‍പ്പടെ തയ്യാറാക്കിയതാണെന്നും പറഞ്ഞു. എങ്കിലും ഞാനത് നിരസിച്ചു. പക്ഷെ അത് സലിംകുമാറിന് കടുത്ത മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ പിന്നീട് അറിഞ്ഞു. അടുത്ത സുഹൃത്തായിട്ടും ഞാന്‍ അവന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നില്ല എന്നത് അവന് വലിയ വിഷമമുണ്ടാക്കി.

പിന്നീട് സലിംകുമാറിന് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത്, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഇക്കാര്യം പറഞ്ഞ് എന്നെ കളിയാക്കി. അന്ന് ഊണ്‍കഴിക്കാന്‍ വിളിച്ചിട്ട് വരാത്തവനാണ് നീ, അതിനുള്ള ശിക്ഷ ഞാന്‍ നിനക്ക് തരുന്നുണ്ട്, ഇന്ന് നീ ഇവിടെ നിന്ന് ഊണ്‍ കഴിച്ചിട്ട് പോയാല്‍ മതിയെന്നും പറഞ്ഞ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിപ്പിച്ചതിന് ശേഷമാണ് അന്ന് എന്നെ പറഞ്ഞയച്ചത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

content highlights: benny p nayarambalam about salim kumar

We use cookies to give you the best possible experience. Learn more