Entertainment
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പറ്റി സംസാരിക്കുന്നതുപോലെ ആ നാടകനടനെപ്പറ്റി സംസാരിക്കുന്നത് അന്ന് കണ്ടു: ബെന്നി പി. നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 13, 10:11 am
Friday, 13th December 2024, 3:41 pm

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് ബെന്നി പി. നായരമ്പലം. 1993ല്‍ റിലീസായ കൗശലം എന്ന ചിത്രത്തിലൂടെയാണ് ബെന്നി തിരക്കഥാലോകത്തേക്കെത്തിയത്. ചട്ടമ്പിനാട്, ചന്തുപൊട്ട്, തൊമ്മനും മക്കളും, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി തുടങ്ങി ഹിറ്റ് സിനിമകള്‍ക്ക് ബെന്നി തിരക്കഥയൊരുക്കി. സാറാസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ രാജന്‍ പി. ദേവിനെക്കുറിച്ച് സംസാരിക്കുകയാണ് ബെന്നി പി. നായരമ്പലം. താന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് രാജന്‍ പി. ദേവിനെ ആദ്യമായി കാണുന്നതെന്ന് ബെന്നി പി. നായരമ്പലം പറഞ്ഞു. ആ സമയത്ത് കാട്ടുകുതിര എന്ന നാടകം വലിയ ഹിറ്റായി നില്‍ക്കുകയായിരുന്നെന്നും എല്ലാവരുടെയും ചര്‍ച്ച അതിനെപ്പറ്റിയായിരുന്നെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

കെ.പി.എ.സിയുടെ നാടകങ്ങളെല്ലാം പലര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും സൂര്യസോമ തിയേറ്റേഴ്‌സിന്റെ കാട്ടുകുതിര ഒരുപാട് വേദികളില്‍ കളിച്ചെന്നും മറ്റൊരു നാടകവും അതുപോലെ സംസാരിക്കപ്പെട്ടിട്ടില്ലെന്നും ബെന്നി പറഞ്ഞു. അന്നത്തെ കാലത്തെ വൈറല്‍ എന്ന് കാട്ടുകുതിര എന്ന നാടകത്തെപ്പറ്റി പറയാമെന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പറ്റി സംസാരിക്കുന്നതുപോലെ ഒരു നാടകനടനെപ്പറ്റി ആളുകള്‍ സംസാരിക്കുകയും അയാളെ ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത് അന്ന് കണ്ടുവെന്നും ബെന്നി പി. നായരമ്പലം പറഞ്ഞു. ഇത്രയും ഹൈപ്പ് വന്നതുകൊണ്ട് ഒരു ഓപ്പണ്‍ തിയേറ്ററില്‍ കാട്ടുകുതിര പ്രദര്‍ശിപ്പിച്ചപ്പോള്‍ താന്‍ പോയി കണ്ടുവെന്നും അന്നാണ് രാജന്‍ പി. ദേവിനെ ആദ്യമായി കണ്ടതെന്നും ബെന്നി പി. നായരമ്പലം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ബെന്നി പി. നായരമ്പലം.

‘രാജേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് എന്റെ പ്ലസ് ടു കാലഘട്ടത്തിലാണ്. ആ സമയത്ത് കാട്ടുകുതിര എന്ന നാടകം വന്‍ ഹിറ്റായി നില്‍ക്കുകയായിരുന്നു. കെ.പി.എ.സിയുടെ അടക്കം ഒരുപാട് മികച്ച നാടകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും സൂര്യസോമ തിയേറ്റേഴ്‌സിന്റെ കാട്ടുകുതിര ഹിറ്റായതുപോലെ വേറൊരു നാടകവും വന്നിട്ടില്ല. ഒരുപാട് വേദികളില്‍ ആ നാടകം കളിച്ചിട്ടുണ്ടായിരുന്നു. കാട്ടുകുതിര പോലെ മറ്റൊരു നാടകവും സംസാരവിഷയമായിട്ടില്ല.

അന്നത്തെ കാലത്തെ വൈറല്‍ എന്ന് ആ നാടകത്തിനെ പറയാം. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെപ്പറ്റി ആളുകള്‍ സംസാരിക്കുന്നതുപോലെ അല്ലെങ്കില്‍ അവരെ തിരിച്ചറിയുന്നതുപോലെ ഒരു നാടകനടനെ ആളുകള്‍ തിരിച്ചറിയുന്നത് അന്ന് കണ്ടു. രാജേട്ടന്‍ അത്രക്ക് ഫേമസായിരുന്നു. അങ്ങനെ ഇത് വലിയ ചര്‍ച്ചയായപ്പോള്‍ ഒരു ഓപ്പണ്‍ തിയേറ്ററില്‍ നിന്ന് കാട്ടുകുതിര കണ്ടു. അന്നാണ് രാജേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content Highlight: Benny P Nayarambalam about Rajan P Dev