Entertainment
ഒറ്റ ഷെഡ്യൂളിൽ സിനിമ തീർക്കണമെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ പൃഥ്വിരാജിനെ ആ സിനിമയിൽ നിന്ന് മാറ്റേണ്ടി വന്നു: ബെന്നി പി.നായരമ്പലം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 13, 02:42 am
Friday, 13th December 2024, 8:12 am

മലയാളത്തിലെ ഹിറ്റ് സിനിമകളിലൊന്നാണ് 2005ല്‍ പുറത്തിറങ്ങിയ തൊമ്മനും മക്കളും. ഷാഫി സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡിയും മാസും ചേര്‍ന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയിലുണ്ട്.

മമ്മൂട്ടിയുടെയും ലാലിന്റെയും അച്ഛനായിട്ടാണ് ചിത്രത്തില്‍ രാജന്‍ പി. ദേവ് എത്തിയത്. അതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് രാജന്‍ പി. ദേവ് തന്റെ ട്രാക്ക് മാറ്റിയ സിനിമയായിരുന്നു തൊമ്മനും മക്കളും. ബെന്നി പി.നായരമ്പലമായിരുന്നു സിനിമയുടെ സ്ക്രിപ്റ്റ് ഒരുക്കിയത്.

ചിത്രത്തിന് മുമ്പ് തീരുമാനിച്ചത് മറ്റൊരു കാസ്റ്റിങ്ങായിരുന്നുവെന്ന് പറയുകയാണ് അദ്ദേഹം. മക്കളുടെ സ്ഥാനത്ത് പൃഥ്വിയും ജയസൂര്യയും തൊമ്മനായി നടൻ ലാലിനെയുമാണ് ആദ്യം കരുതിയതെന്നും പൃഥ്വിരാജിന് കഥ നന്നായി ഇഷ്ട്ടപ്പെട്ടിരുന്നുവെന്നും ബെന്നി പി. നായരമ്പലം പറയുന്നു. എന്നാൽ തമിഴിൽ നിന്ന് വന്ന ഒരു സിനിമ കാരണം പൃഥ്വിക്ക് തൊമ്മനും മക്കളിൽ നിന്നും പിന്മാറേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘കഥയുടെ ഏകദേശ രൂപമൊക്കെ ആയിട്ടുണ്ടായിരുന്നു. തൊമ്മന്റെ വേഷത്തിലേക്ക് ആദ്യം വിചാരിച്ചിരുന്നത് ലാലേട്ടനെയാണ്. അദ്ദേഹത്തിന്റെ മക്കളായിട്ട് പൃഥ്വിയും ജയസൂര്യയും എന്ന രീതിയിലായിരുന്നു ആദ്യത്തെ കാസ്റ്റിങ്. രണ്ടുപേരോടും സംസാരിച്ച ശേഷം ഡേറ്റൊക്കെ ബ്ലോക്ക് ആക്കി. ഏകദേശം കഥയുടെ വൺ ലൈനെയൊക്കെ ഓർഡറായി. രാജുവിനോട് ഞാൻ പിന്നെ സിനിമയുടെ കഥ ഓർഡറിൽ പറഞ്ഞു.

prithviraj, ajith

അതിലെ തമാശയൊക്കെ കേട്ടപ്പോൾ പൃഥ്വി ഒരുപാട് ചിരിച്ച് ആസ്വദിച്ചിരുന്നു. മുഴുവൻ കഥ കേട്ടപ്പോൾ രാജുവിന് വലിയ ഇഷ്ടമായി. പക്ഷെ മണിരത്നത്തിന്റെ ആണെന്ന് തോന്നുന്നു തമിഴിൽ നിന്നൊരു സിനിമ ആ സമയത്ത് പൃഥ്വിയെ തേടി വന്നിരുന്നു. തൊമ്മനും മക്കളും രണ്ട് ഷെഡ്യൂളാക്കി എടുത്താൽ മാത്രമേ പൃഥ്വിക്ക് അതിൽ അഭിനയിക്കാൻ പറ്റുകയുള്ളൂ.

ഒറ്റ ഷെഡ്യൂളിൽ സിനിമ തീർക്കണം, അത് പറ്റില്ലെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ രാജുവിനെ മാറ്റേണ്ടി വന്നു. കാരണം ഞങ്ങൾ റിലീസിങ് തീയതി തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ വിഷമത്തോടെയാണെങ്കിലും രാജു ആ സിനിമയിൽ നിന്ന് പിന്മാറി,’ബെന്നി പി.നായരമ്പലം പറയുന്നു.

 

Content Highlight: Benny p nayarambalam about casting of thommanum makkalum movie