| Saturday, 24th June 2023, 2:08 pm

യൂസഫലി - ബോംബെ രവി കോംബോയില്‍ മികച്ച പാട്ടുകളുണ്ടായിട്ടും ആ സിനിമ വിജയിച്ചില്ല: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച പാട്ടുകളുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് താന്‍ തിരക്കഥയെഴുതിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന സിനിമയെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. യൂസഫലി കേച്ചേരി വരികളെഴുതി ബോംബെ രവി സംഗീത സംവിധാനം നിര്‍വഹിച്ച നല്ല പാട്ടുകളാണ് ആ സിനിമയിലുണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഹിറ്റായി കളിച്ചു കൊണ്ടിരുന്ന നാടകമായിരുന്നു ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലെന്നും ആ നാടകത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്ന തനിക്ക് അത് സിനിമയാക്കുമ്പോള്‍ തിരക്കഥയൊരുക്കാനുള്ള അവസരമാണ് ലഭിച്ചതെന്നും ബെന്നി. പി. നായരമ്പലം പറഞ്ഞു.

‘വളരെ യാദൃശ്ചികമായിട്ടാണ് ഫൈവ് സ്റ്റോര്‍ ഹോസ്പിറ്റല്‍ എന്ന സിനിമ വരുന്നത്. ആ സിനിമയിലേക്ക് ഞാന്‍ ചെന്നുപെട്ടതിന് രസകരമായ ചില അനുഭവങ്ങളുമുണ്ട്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ വളരെ പ്രശസ്തമായ ഒരു നാടകമായിരുന്നു. ചാലക്കുടി സാരഥി തിയേറ്റേഴ്‌സിന്റെ നാടകമായിരുന്നു അത്. ജോസ് പെല്ലിശ്ശേരിയുടെ ട്രൂപ്പായിരുന്നു ചാലക്കുടി സാരഥി. കേരളപുരം കലാം എഴുതിയ നാടകമായിരുന്നു അത്. തിലകന്‍ ചേട്ടനായിരുന്നു സംവിധാനം ചെയ്തത്. കേരളം മുഴുവന്‍ ഗംഭീരമായി ഓടുകയും ചെയ്തിട്ടുണ്ട് ആ നാടകം.

ഒരു ഘട്ടത്തിന് ശേഷം ആ നാടകം വീണ്ടും ഇറക്കാന്‍ തീരുമാനിച്ചു. അതിലൊരു പയ്യന്റെ വേഷമുണ്ടെന്ന് അറിഞ്ഞ്, അതില്‍ അഭിനയിക്കാനുള്ള മോഹവുമായി ഞാന്‍ ചാലക്കുടി സാരഥി തിയേറ്റേഴ്‌സില്‍ പോയി. അവിടെ ചെന്ന് ജോസ് പെല്ലിശ്ശേരിയെ കണ്ടു.

പാടാനാറിയാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഗാനമേളക്കൊന്നും പാടാനറിയില്ലെന്നും അത്യാവശ്യം വശമുണ്ടെന്നും ഞാന്‍ പറഞ്ഞു. ഈ നാടകത്തില്‍ കച്ചേരിയുണ്ട്, സ്വരങ്ങള്‍ പാടി അഭിനയിക്കേണ്ടതുണ്ട്, അതിനെല്ലാം കൃത്യമായി ലിപ് നല്‍കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അതെല്ലാം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എനിക്കൊരു കാസറ്റ് തന്നു. നാടകത്തിന്റെ ഓഡിയോ കാസറ്റ് ആയിരുന്നു അത്. അത് കേട്ട് പഠിക്കാന്‍ അദ്ദേഹം പറഞ്ഞു.

വീട്ടിലെത്തി ആ കാസറ്റ് കേട്ട് പഠിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ് സാരഥി തിയേറ്റേഴ്‌സില്‍ നിന്ന് ഒരു കത്ത് വരുന്നത്. ഈ നാടകം ഈ വര്‍ഷം ഇറക്കുന്നില്ല എന്നായിരുന്നു കത്ത്. ഫസഹ് എന്ന അവരുടെ മറ്റൊരു നാടകമാണ് ഇറക്കുന്നത് എന്നും കത്തിലുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച എനിക്ക് ആ നാടകത്തിന്റെ തന്നെ സിനിമക്ക് വേണ്ടിയുള്ള തിരക്കഥയൊരുക്കാനാണ് അവസരം ലഭിച്ചത്. അന്ന് എന്റെ പഴയ ഓര്‍മകളെല്ലാം പൊങ്ങിവന്നു. അന്ന് സാരഥി തിയേറ്ററില്‍ പോയതും, ജോസ് പെല്ലിശ്ശേരിയെ കണ്ടതുമെല്ലാം. അതുകൊണ്ട് തന്നെ ആനാടകം തിരക്കഥയാക്കുമ്പോള്‍ എനിക്ക് വല്ലാത്തൊരു ആവേശമായിരുന്നു. അഭിനയിക്കാന്‍ പറ്റാതെ പോയ നാടകം തിരക്കഥയാക്കാന്‍ പറ്റിയല്ലോ എന്നായിരുന്നു എന്റെ സന്തോഷം.

അങ്ങനെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ ഞാന്‍ തിരക്കഥയൊരുക്കുകയും താഹ സംവിധാനം ചെയ്യുകയും ചെയ്തു. ബോംബെ രവിയെ ഞാന്‍ ആദ്യമായി കാണുന്നത് ആ സിനിമയുടെ കമ്പോസിങ്ങിന്റെ സമയത്താണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ ഇരുന്നാണ് അദ്ദേഹം ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയത്.

മമ്മി സെഞ്ച്വറിയായിരുന്നു പ്രൊഡ്യൂസര്‍. ഷീലയുടെ മകനാണ് ആ സിനിമയില്‍ അഭിനയിച്ചത്, ജഗതിച്ചേട്ടനും, ജഗതീഷുമുണ്ടായിരുന്നു. നല്ല ഗാനങ്ങളുള്ള ഒരു സിനിമയായിരുന്നെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ബോംബെ രവിയുടെ സംഗീതവും യൂസഫലി കേച്ചേരിയുടെ വരികളുമായിരുന്നു അതിനകത്ത്.

യൂസഫലിക്ക മനോഹരമായ വരികളാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അത് അതിമനോഹരമായി ബോംബെ രവി ചിട്ടപ്പെടുത്തുകയും ചെയ്തു. കാവേരിയും സുകുമാരിച്ചേച്ചിയുമൊക്കെ അതിലഭിനയിച്ചരുന്നു, ‘ ബെന്നി പി. നായരമ്പലം പറഞ്ഞു.

content highlights : Benny P Nairambalam talks about the film that failed despite good songs

We use cookies to give you the best possible experience. Learn more