ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണമെന്ന് നേരിട്ട് ആവശ്യപ്പെടാതെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍. കെടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തത് യു.ഡി.എഫ് ആവശ്യപ്പെട്ടത് പ്രകാരമല്ലെന്നും ബെന്നിബെഹന്നാന്‍ പറഞ്ഞു.
ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. മുരളീധരനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കാതിരുന്ന അദ്ദേഹം കേസിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എയ്ക്ക് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു.
‘കേസിനെക്കുറിച്ച് എന്‍.ഐ.എ അന്വേഷിച്ച് വരികയാണ്. എന്‍.ഐ.എയ്ക്ക് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. എന്‍.ഐ.എ അന്വേഷണം നടത്തുമ്പോള്‍ അവര്‍ അന്വേഷിക്കുന്ന വ്യക്തികളെ ന്യായീകരിക്കുന്നതിന് വേണ്ടി നടത്തുന്ന തരംതാഴ്ന്ന രാഷ്ട്രീയത്തെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഞങ്ങള്‍ പറഞ്ഞിട്ടല്ലല്ലോ അന്വേഷണ ഏജന്‍സി കെ. ടി ജലീലിനെ ചോദ്യം ചെയ്യുന്നത്,’ ബെന്നിബെഹന്നാന്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനെതിരെയും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു.
നേരത്തെ നയതന്ത്ര ബാഗേജിലൂടെയല്ല സ്വര്‍ണം കടത്തിയതെന്ന് വി മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്നും അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും അതിനാല്‍ മുരളീധരനെ ചോദ്യം ചെയ്യണമെന്നുമാണ് സി.പി.ഐ.എം ആവശ്യപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്‍ച്ചയുണ്ടായില്ലെന്നും അങ്ങനെയെങ്കില്‍ അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സി.പി.ഐ.എം പറഞ്ഞിരുന്നു.
നേരത്തെ കേസില്‍ കെ. ടി ജലീലിനെതിരെ ബെന്നി ബെഹന്നാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്രാനുമതി ഇല്ലാതെ ജലീല്‍ വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ബെന്നിബെഹന്നാന്‍ കത്തയച്ചത്. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റിന്റെ ലംഘനം നടത്തിയെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ ജലീലിനെതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുമ്പോഴും വി. മുരളീധരനെതിരെ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക