സ്വാതന്ത്ര്യസമര പോരാളികളുടെ പേര് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എം.പിമാരുടെ യോഗം; വിഷയം പഠിച്ചിട്ട് എതിര്‍ത്താല്‍ പോരെയെന്ന് ബെന്നി ബെഹനാന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിലെ അഞ്ചാം വാല്യം പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട എം.പിമാരുടെ യോഗത്തില്‍ എതിര്‍പ്പുമായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. യോഗത്തിന്റെ അജണ്ടയിലില്ലാതിരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ പേര് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സി.പി.ഐയുടെ എം.പിയായ ബിനോയ് വിശ്വമാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.
എന്നാല്‍ വിഷയം കുറച്ചുകൂടി പഠിച്ചശേഷം പ്രതികരിച്ചാല്‍ പോരെയെന്നായിരുന്നു ബെന്നി ബെഹനാന്റെ പരാമര്‍ശം. അതേസമയം വാഗണ്‍ ട്രാജഡിയെക്കുറിച്ച് ഇനി എന്താണ് പഠിക്കാനുള്ളതെന്നും അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും സ്വാതന്ത്രസമരസേനാനികളല്ലേയെന്നും ബിനോയ് വിശ്വം ചോദിച്ചു. എന്നാല്‍ അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും അങ്ങനെയല്ല താന്‍ പറഞ്ഞതെന്നും ബെന്നി ബെഹനാന്‍ വിശദീകരിച്ചു.
മുസ്‌ലിം ലീഗ് എം.പിയായ ഇ.ടി മുഹമ്മദ് ബഷീറും ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പിന്തുണച്ചതോടെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
1857 മുതല്‍ 1947 വരെ സ്വാതന്ത്ര്യസമരത്തില്‍ പ്രധാന പങ്ക് വഹിച്ചവരുടെ നിഘണ്ടുവാണ് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നത്. മലബാര്‍ കലാപത്തിലെ പോരാളികളുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടേതടക്കം ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം മന്ത്രാലയം വെബ് സൈറ്റില്‍നിന്ന് നീക്കിയത്.
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ ബെന്നി ബെഹ്നാന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. റംസാനുമായി ബന്ധപ്പെട്ട് ഭക്ഷണകിറ്റിന് വിദേശ വിനിമയ ചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു ബെന്നി ബെഹ്നാന്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ മന്ത്രി കെ.ടി ജലീലിനെതിരായ ഈ കത്തിനെതിരെ മുസ്‌ലിം മതസംഘടനകള്‍ രംഗത്തുവന്നിരുന്നു.
നേരത്തെ മലബാര്‍ വിപ്ലവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ പറഞ്ഞിരുന്നു. ബിഷപ്പ് കരിയില്‍ ജാഗ്രതാ ന്യൂസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ഈ പരാമര്‍ശം.
വാരിയംകുന്നനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സൂര്യതേജസ്സായിട്ടും മറ്റും ഉയര്‍ത്തിക്കാണിക്കുന്നത് വിശ്വസനീയമാകുമോ എന്ന് ചോദിക്കുന്ന ലേഖനം ആഗ്രഹംകൊണ്ടുമാത്രം ചരിത്രമുണ്ടാകുന്നില്ലെന്നും പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക