ന്യൂദല്‍ഹി: ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍.
തങ്ങള്‍ ഈ സസ്‌പെന്‍ഷന് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും സഭയുടെ യാതൊരു ചട്ടങ്ങളും പാലിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നത് ഭരണകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ സഭയില്‍ ദല്‍ഹിയില്‍ 48 പേരുടെ മരണത്തിനിടയായ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കര്‍ പോലും പാര്‍മെന്റില്‍ വരുന്നില്ല. ചേമ്പറില്‍ ഉണ്ടായിട്ടും അദ്ദേഹം വരുന്നില്ല. ഒരു വനിത ചേമ്പറിലിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചു എന്നത് ഇത്ര പ്രശ്‌നമാക്കി പറയുന്ന ഇവര്‍ സോണിയാ ഗാന്ധിയെ കുറിച്ച് അങ്ങേയറ്റം മോശമായാണ് സംസാരിച്ചത്.
സോണിയാ ഗാന്ധിക്ക് കൊറോണ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് ഭരണകക്ഷിയില്‍ നിന്നുള്ള എം.പി പരസ്യമായി പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സോണിയാ ഗാന്ധിയെ അപമാനിച്ച ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചെയറിന് മുന്‍പില്‍ പ്രതിഷേധിച്ചതിനാണ് ഈ നടപടി ഉണ്ടായത്.
പാര്‍ലമെന്റിന്റെ ഒരു നടപടി ക്രമങ്ങളും പാലിക്കാതെ സഭ മുന്നോട്ടുപോകുകയാണ്. സസ്‌പെന്‍ഷന്‍ മുഖവിലക്കെടുക്കുന്നില്ല. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പാര്‍ലമെന്റ് ഒരു വേദിയാക്കണമെന്ന വിശ്വസമാണ് ഞങ്ങള്‍ക്കുള്ളത്. പാര്‍ലമെന്റിന്റെ ജനാധിപത്യ മര്യാദയും കീഴ്‌വഴക്കവും പാലിച്ചുകൊണ്ടു തന്നെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത് ആ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നടപടിയിലേക്കാണ് പോകുന്നതെങ്കില്‍ ഇനിയും ഞങ്ങള്‍ പ്രതിഷേധിക്കുമെന്നാണ് അവരോട് പറയാനുള്ളത്.
ഇത് ആദ്യത്തെ സഭയൊന്നും അല്ലല്ലോ. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കാറുണ്ട്. മുദ്രാവാക്യം വിളിക്കാറുണ്ട്. പ്രതിഷേധം നടത്തിയപ്പോള്‍ സ്ത്രീത്വത്തെ കുറിച്ച് വാദിക്കുന്നവര്‍ രമ്യാ ഹരിദാസ് കൊടുത്ത പരാതിയില്‍ ഒരക്ഷരം പോലും പറഞ്ഞില്ല. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് തന്ത്രമാണ്. ക്രൂരമായ 48 പേരുടെ കൊലപാതകത്തെ കുറിച്ച് മിണ്ടാതെ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈമനസ്യം കാണിക്കുന്ന ഇവര്‍ക്ക് എന്ത് മര്യാദയാണ്. ഇത് ഫാഷിസമല്ല. കാടത്തമാണ്.
ഹോളി ആഘോഷിച്ച ശേഷം ദല്‍ഹി കലാപ വിഷയം ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത് എന്ത് മര്യാദയാണ്. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണ് ഇവര്‍. സഭയില്‍ പ്രധാനമന്ത്രിയില്ല, ആഭ്യന്തരമന്ത്രിയില്ല, സ്പീക്കറില്ല.
ദല്‍ഹി കലാപം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരുന്നു. പക്ഷേ ആ റൂളിങ്ങിന് ഭരണകക്ഷി അനുവദിക്കുന്നില്ല. സ്പീക്കര്‍ക്ക് പോലും നല്‍കേണ്ട അവകാശം നല്‍കാതെ പാര്‍ലമെന്റ് മര്യാദയെ കുറിച്ച് പഠിപ്പിക്കാന്‍ ഞങ്ങളുടെ അടുത്ത് വന്നാല്‍ ആ പഠിപ്പിക്കാന്‍ വരുന്നവര്‍ക്ക് മുന്‍പില്‍ തല താഴ്ത്തി നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല’, ബെന്നി ബെഹ്നാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ