ന്യൂദല്‍ഹി: ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്‍.
തങ്ങള്‍ ഈ സസ്‌പെന്‍ഷന് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും സഭയുടെ യാതൊരു ചട്ടങ്ങളും പാലിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നത് ഭരണകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ സഭയില്‍ ദല്‍ഹിയില്‍ 48 പേരുടെ മരണത്തിനിടയായ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കര്‍ പോലും പാര്‍മെന്റില്‍ വരുന്നില്ല. ചേമ്പറില്‍ ഉണ്ടായിട്ടും അദ്ദേഹം വരുന്നില്ല. ഒരു വനിത ചേമ്പറിലിരിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിഷേധിച്ചു എന്നത് ഇത്ര പ്രശ്‌നമാക്കി പറയുന്ന ഇവര്‍ സോണിയാ ഗാന്ധിയെ കുറിച്ച് അങ്ങേയറ്റം മോശമായാണ് സംസാരിച്ചത്.
സോണിയാ ഗാന്ധിക്ക് കൊറോണ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞ് ഭരണകക്ഷിയില്‍ നിന്നുള്ള എം.പി പരസ്യമായി പറഞ്ഞപ്പോഴാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. സോണിയാ ഗാന്ധിയെ അപമാനിച്ച ആള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചെയറിന് മുന്‍പില്‍ പ്രതിഷേധിച്ചതിനാണ് ഈ നടപടി ഉണ്ടായത്.
പാര്‍ലമെന്റിന്റെ ഒരു നടപടി ക്രമങ്ങളും പാലിക്കാതെ സഭ മുന്നോട്ടുപോകുകയാണ്. സസ്‌പെന്‍ഷന്‍ മുഖവിലക്കെടുക്കുന്നില്ല. ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതിന് പാര്‍ലമെന്റ് ഒരു വേദിയാക്കണമെന്ന വിശ്വസമാണ് ഞങ്ങള്‍ക്കുള്ളത്. പാര്‍ലമെന്റിന്റെ ജനാധിപത്യ മര്യാദയും കീഴ്‌വഴക്കവും പാലിച്ചുകൊണ്ടു തന്നെയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത് ആ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നടപടിയിലേക്കാണ് പോകുന്നതെങ്കില്‍ ഇനിയും ഞങ്ങള്‍ പ്രതിഷേധിക്കുമെന്നാണ് അവരോട് പറയാനുള്ളത്.