| Tuesday, 27th June 2023, 11:08 pm

ജഗദീഷിനെ അക്രമിക്കാതിരിക്കാൻ ഞാനും അലി അക്ബറും അയാളെ കായികമായി നേരിട്ടു: ബെന്നി പി. നായരമ്പലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗ്രാമ പഞ്ചായത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് താൻ ഒരാളെ തല്ലിയിട്ടുണ്ടെന്ന് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. ഷൂട്ടിങ് കാണാൻ എത്തിയവരിൽ ഒരാൾ മദ്യപിച്ച് സ്ത്രീകളെ കമന്റ് പറഞ്ഞപ്പോൾ ജഗദീഷ് ചോദ്യം ചെയ്തെന്നും അയാൾ ജഗദീഷിനെ തല്ലാൻ വന്നപ്പോഴാണ് താൻ ഇടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബെന്നി പി.നായരമ്പലം.

‘ജൂനിയർ മാൻഡ്രേക് എന്ന സിനിമയുടെ വിജയത്തിന് ശേഷം ഞാനും അലി അക്ബറും ഒന്നിക്കുന്ന ചിത്രമായിരുന്നു ഗ്രാമ പഞ്ചായത്ത്. വളരെ ലോ ബജറ്റ് ചിത്രങ്ങൾ വിജയിക്കുന്ന സമയത്ത് ഞങ്ങൾ ജഗദീഷിനെ വെച്ച് നിർമിച്ച ചിത്രമാണത്. ആ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു രംഗം ഉണ്ടായി, അങ്ങനെ ഒരു കാര്യം എന്റെ ലൊക്കേഷനിൽ അതുവരെ ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകരുതേ എന്നും ആഗ്രഹിക്കുന്നുണ്ട്.

ഞാൻ എപ്പോഴും സിനിമ സെറ്റുകളിൽ സംവിധായകന്റെ കൂടെ ഒരു നിഴലുപോലെ ഉണ്ടാകാറുണ്ട്. ഇന്നും അങ്ങനെ ആണ്. അലി അക്ബറിന്റെ കൂടെ വളരെ സമാധാനമായിട്ട് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ഷൂട്ട് ചെയ്യുന്നതിനായി പെരുമ്പാവൂർ ഒരു സ്ഥലത്ത് പോയി. കാവേരിയും ജഗദീഷുമാണ് ജോഡിയായി അഭിനയിക്കുന്നത്. ഗാനത്തിൽ അഭിനയിക്കാൻ ആ പരിസരത്തുള്ള കുറച്ച് കുട്ടികളെയും കൊണ്ടുവന്നിട്ടുണ്ട്.

ആ സമയത്ത് അവിടെ കുറച്ച് ചെറുപ്പക്കാർ മദ്യപിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ അതുവഴി പോകുന്ന ആളുകളെ കമന്റുകൾ പറയുന്നുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളെ. ‘ഇതാണോ നായിക’ എന്നൊക്കെ ഉറക്കെ അവരെ പരിഹസിച്ചുകൊണ്ട് സംസാരിക്കുകയും അനാവശ്യ കമന്റുകൾ പറയുകയും ചെയ്തു. ഈ സിനിമയിൽ സീനത്തും അഭിനയിക്കുന്നുണ്ട്.

ജഗദീഷ് അതുവഴി പാസ് ചെയ്തുപോയപ്പോൾ ഒരു മദ്യപാനിയായ ചെറുപ്പക്കാരൻ വന്ന് അദ്ദേഹത്തിന്റെ തോളത്ത് കയ്യിട്ടുകൊണ്ട് ചെവിയിൽ എന്തോ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള എന്തോ ഒരു കാര്യമാണ് അപ്പോൾ അയാൾ പറഞ്ഞത്. അത് കേട്ടപ്പോൾ ജഗദീഷ് ക്ഷുഭിതനായിട്ട് എന്ത് വൃത്തികേടാണെടോ താൻ സംസാരിക്കുന്നതെന്ന് ചോദിച്ചു. ജഗദീഷ് എന്നെയും വിളിച്ചു. ജഗദീഷ് ശബ്ദമുയർത്തിയപ്പോൾ ആ ചെറുപ്പക്കാരൻ അദ്ദേഹത്തെ പിടിച്ചു തള്ളുകയും ആക്രമിക്കാൻ കയ്യോങ്ങുകയും ചെയ്തു. ജഗദീഷിനെ അടിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ അയാളെ കായികമായി നേരിട്ടു. എന്റെ അടി കൊണ്ട് ഇവൻ മറിഞ്ഞ്‌ വീണു. ജഗദീഷിനെ ഇവൻ അക്രമിക്കാതിരിക്കാൻ ഞാനും അലി അക്ബറും അയാളെ കായികമായി നേരിട്ടു. ജനങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്തി. ജഗദീഷ് നാട്ടുകാരിൽ ഒരാളുടെ ചെവിയിൽ അയാൾ പറഞ്ഞതെന്താണെന്ന് പറഞ്ഞു.

ഞങ്ങൾ ഷൂട്ടിങ് അവസാനിപ്പിച്ച്‌ അവിടുന്ന് പോന്നു. പക്ഷെ അവിടെ ചെന്നിട്ട് അവരുടെ നാട്ടിലെ ആളെ തള്ളിയല്ലോ എന്ന തോന്നൽ ഉണ്ടായിരുന്നു,’ ബെന്നി പി. നായരമ്പലം പറഞ്ഞു.

Content highlights: Benni P. Nayarambalam on Jagatheesh

We use cookies to give you the best possible experience. Learn more