ടെല്‍ അവീവ്: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
അന്താരാഷ്ട്ര കോടതിക്കും ലോകത്തിലെ ഒരു ശക്തിക്കും തങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗസയിലെ അധിനിവേശത്തിന്റെ നൂറാം ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നെതന്യാഹു.
ഇറാനിയന്‍ സൈന്യത്തെയും യെമനിലെ ഹൂത്തി വിമതരെയും ഉദ്ദേശിച്ചുകൊണ്ടാണ് ഒരു ശക്തിക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് പരാമര്‍ശം നെതന്യാഹു നടത്തിയതെന്ന് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം തീവ്രവാദ സംഘടനകളെ സേവിക്കുന്നതിന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഐക്യരാഷ്ട്ര സഭ വിചാരണ നേരിടണമെന്ന് യു.എന്നിലെ ഇസ്രഈല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞിരുന്നു.
അതേസമയം ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സ്വതന്ത്ര ഫലസ്തീനിന്റെ രൂപീകരണത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ സ്ഥാപിക്കണമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി വാങ് യിയും ആവശ്യപ്പെട്ടു.
യുദ്ധം നൂറ് ദിവസം പിന്നിടുമ്പോഴും ഗസയിലെ ഫലസ്തീനികള്‍ക്ക് ഇസ്രഈലി സൈന്യത്തിന്റെ ആക്രമണങ്ങളില്‍ നിന്ന് മുക്തി ലഭിക്കാത്തതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഇസ്രഈലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
കൂടാതെ ഇസ്രഈലികളെ ഹമാസ് ബന്ദികളാക്കിയിട്ട് നൂറ് ദിവസം പിന്നിട്ടിട്ടും മോചനത്തിന് വഴിതുറക്കാത്തതില്‍ പ്രതിഷേധിച്ച് ടെല്‍ അവീവില്‍ ഇസ്രഈല്‍ പൗരന്മാര്‍ 24 മണിക്കൂര്‍ സമരം നടത്തി.ആയിരക്കണക്കിന് ഇസ്രഈലികളാണ് ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 23,968 ആയി വര്‍ധിച്ചുവെന്നും 60,317 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഇസ്രഈലിന്റെ ആക്രമണത്തില്‍ ഞായറാഴ്ച മാത്രമായി 125 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 265 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlight: Benjamin Netanyahu says the war in Gaza will not stop even if the International Court of Justice rules