സമാധാന ചര്‍ച്ചകള്‍ക്ക് തടസം ഹമാസിന്റെ വ്യാമോഹങ്ങളെന്ന് നെതന്യാഹു
Trending
സമാധാന ചര്‍ച്ചകള്‍ക്ക് തടസം ഹമാസിന്റെ വ്യാമോഹങ്ങളെന്ന് നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 3:00 pm

ജറുസലേം: ഹമാസിന്റെ വ്യാമോഹങ്ങളാണ് സമാധാന ചര്‍ച്ചകള്‍ക്ക് തടസമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം സമാധാന ചര്‍ച്ചക്ക് വേണ്ടി ഇസ്രഈല്‍ സംഘത്തെ കെയ്റോയിലേക്ക് അയച്ചെന്നും എന്നാല്‍ ഹമാസിന്റെ വ്യാമോഹങ്ങള്‍ കാരണം ചര്‍ച്ചകള്‍ തുടര്‍ന്നില്ലെന്നും നെതന്യാഹു ആരോപിച്ചു.

ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്രഈല്‍ മുന്നോട്ട് വരാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസിന്റെ ആവശ്യങ്ങളെല്ലാം ഞങ്ങളുടെ പ്രതിനിധികള്‍ കേട്ടു. യുദ്ധം അവസാനിപ്പിച്ച് ഇസ്രഈലിന്റെ പക്കലുള്ള ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ എന്റെ നിലപാടില്‍ നിന്ന് ഒരടി പോലും മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടില്ല’, നെതന്യാഹു പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ എതിര്‍ക്കുന്നത് ഇസ്രഈല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഗസയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് തടസമാകുമെന്നാണ് നെതന്യാഹുവിന്റെ വാദം.

‘ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് തീവ്രവാദത്തിനുള്ള പുരസ്‌കാരമായിരിക്കുമെന്നും നെതന്യാഹു ആരോപിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ നുഴഞ്ഞുകയറി 1,200 പേരെ കൊലപ്പെടുത്തുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ശേഷം അന്താരാഷ്ട്ര സമൂഹം ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുന്നത് തീവ്രവാദത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരമാകും. ഇത് ഭാവിയില്‍ സമാധാന ഒത്തുതീര്‍പ്പുകള്‍ക്ക് തടസമാകും. ഫലസ്തീനുമായുള്ള ഒത്തുതീര്‍പ്പുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഇസ്രഈല്‍ നിരസിക്കുന്നു’, നെതന്യാഹു പറഞ്ഞു.

Contant Highlight: Benjamin Netanyahu said Hamas’ demands were delusional