ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ജൂത സെറ്റില്‍മെന്റുകള്‍ പണിയുന്നതിനും അവ വിപുലീകരിക്കുന്നതിനുമായിരിക്കും തങ്ങള്‍ മുന്‍ഗണന നല്‍കുകയെന്ന് ഇസ്രഈലിലെ പുതിയ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍.
ഒദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
പുതിയ സര്‍ക്കാരിന്റെ നയരേഖ (policy guidelines) നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ‘ഇസ്രഈലിന്റെ എല്ലാ ഭാഗങ്ങളിലും- ഗലിലീ, നെഗേവ്, ഗോലാന്‍ കുന്നുകള്‍, യഹൂദ, സമരിയ എന്നിവിടങ്ങളില്‍ (അധിനിവേശ ഫലസ്തീന്‍ വെസ്റ്റ് ബാങ്കിന്റെ ബൈബിള്‍ പേരുകള്‍) എന്നിവിടങ്ങളില്‍ ജൂത കുടിയേറ്റം വികസിപ്പിക്കുക’ എന്നാണ് നയരേഖയില്‍ ആദ്യം നല്‍കുന്ന വാഗ്ദാനം.
1967ലായിരുന്നു ഗാസ മുനമ്പിനും കിഴക്കന്‍ ജറുസലേമിനുമൊപ്പം വെസ്റ്റ് ബാങ്കും ഇസ്രഈല്‍ പിടിച്ചെടുത്തത്. ഏകദേശം 25 ലക്ഷം ഫലസ്തീനികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ അവരുടെ നീക്കങ്ങള്‍ക്ക് മേല്‍ ഇസ്രഈല്‍ സൈന്യത്തിന്റെ കര്‍ശനമായ നിയന്ത്രണമുണ്ട്.
അതേസമയം ഡിസംബര്‍ 29നാണ് നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈലില്‍ ഔദ്യോഗികമായി അധികാരത്തിലേറുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ള സര്‍ക്കാരാണിത്.
പൊതുതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തീവ്ര ഓര്‍ത്തഡോക്സ് ജൂത പാര്‍ട്ടികളുടെയും വലതുപക്ഷ കൂട്ടായ്മകളുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു.
ഇസ്രഈലില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയാണ് നെതന്യാഹു. 1996- 1999, 2009- 2021 കാലഘട്ടത്തിലാണ് ഇദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്.
നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം നേരത്തെ തന്നെ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇസ്രഈലില്‍ വരാനിരിക്കുന്ന ‘വലതുപക്ഷ- ഫാസിസ്റ്റ് കൂട്ടുകെട്ടി’ന്റെ അപകടങ്ങളെ കുറിച്ച് ഫലസ്തീന്‍ നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
നേരത്തെ എല്‍.ജി.ബി.ടി.ക്യു വിരുദ്ധ പാര്‍ട്ടിയുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഹോമോഫോബിക്കും തീവ്ര വലതുപക്ഷ നയങ്ങള്‍ പിന്തുടരുന്നതുമായ നോം പാര്‍ട്ടിയുമായാണ്(Noam Party) നെതന്യാഹു സഖ്യകരാറില്‍ ഏര്‍പ്പെട്ടത്. തീവ്ര മത-ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന നോം പാര്‍ട്ടിയുടെ തലവന്‍ അവി മാവൊസിനെ (Avi Maoz) കരാര്‍ പ്രകാരം നെതന്യാഹു സര്‍ക്കാരില്‍ ഡെപ്യൂട്ടി മന്ത്രിയായി നിയമിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടക്കാല പ്രധാനമന്ത്രി യായ്ര്‍ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റര്‍- ലെഫ്റ്റ് സഖ്യത്തെ മറികടന്നായിരുന്നു നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. സയണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു നെതന്യാഹു ബ്ലോക്കിന്റെ വിജയം.
ഇതേത്തുടര്‍ന്നാണ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളിലേക്ക് നെതന്യാഹു കടന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇസ്രഈലില്‍ നടന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെയായിരുന്നു രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെത്തിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നെതന്യാഹുവിന് തിരിച്ചുവരാനുള്ള അവസരമായിരിക്കുമിതെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
2021 ജൂണില്‍ അധികാരത്തിലേറിയ ബെന്നറ്റ് 2022 അവസാനത്തോടെ സ്ഥാനമൊഴിയുകയായിരുന്നു. സഖ്യസര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി ജനപ്രതിനിധികള്‍ രാജിവെക്കുകയും പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയായിരുന്നു ബെന്നറ്റ് ഇസ്രഈല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
Content Highlight: Benjamin Netanyahu govt says West Bank settlement expansion is the top priority