പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; യൊവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു
World News
പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; യൊവ് ഗാലന്റിനെ പുറത്താക്കി നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2024, 9:40 am

ടെല്‍ അവീവ്: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇസ്രഈല്‍ പ്രതിരോധ മന്ത്രി യൊവ് ഗാലന്റിനെ പുറത്താക്കി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സാണ് പുതിയ പ്രതിരോധ മന്ത്രി. ഗിദിയോന്‍ സാര്‍ വിദേശകാര്യ മന്ത്രിയാകും. എന്നാല്‍ നെതന്യാഹുവിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ രൂപപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ നാളുകളായി നെതന്യാഹുവും യൊവ് ഗാലന്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹത്തിന് നിരവധി വീഴ്ച്ചകള്‍ സംഭവിച്ചെന്നും പറഞ്ഞ് സ്ഥാനഭ്രഷ്ടനാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൊട്ടുപിന്നാലെ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ഇസ്രഈലിന്റെ സുരക്ഷ ഉറപ്പാക്കുന്നത് എപ്പോഴും തന്റെ ജീവിത ദൗത്യമായി തുടരുമെന്ന് ഗാലന്റ് കുറിക്കുകയുണ്ടായി.

പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടെല്‍ അവീവില്‍ ആയിരക്കണക്കിന് ആളുകള്‍ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാര്‍ നഗരത്തിന്റെ പ്രധാന ഹൈവേകള്‍ തടയുകയും ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നില്‍ ഒത്തുകൂടുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ ഗസയിലും ലെബനനിലും നടത്തുന്ന ആക്രമണങ്ങളില്‍ യോവ് ഗാലന്റിന് വിയോജിപ്പ് ഉണ്ടായിരുന്ന കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യോവ് ഗാലന്റ് നെതന്യാഹുവിന് അയച്ച രഹസ്യക്കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു.

ബന്ദിമോചനം സാധ്യമാകണമെങ്കില്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്നും ഇസ്രഈലിന്റെ യുദ്ധതന്ത്രങ്ങള്‍ പാളുന്നുവെന്നും യുദ്ധലക്ഷ്യങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.

തുടക്കത്തില്‍ ഹമാസിനെ നശിപ്പിക്കുക, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനിടെ ബന്ദികളാക്കിയവരെ വീണ്ടെടുക്കുക എന്നീ യുദ്ധലക്ഷ്യങ്ങളാണ് ആദ്യം ഇസ്രഈലിന് മുന്നില്‍ ഉണ്ടായിരുന്നതെങ്കിലും, ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളും ഇറാനും ഇസ്രഈലും തമ്മിലുള്ള ആക്രമണങ്ങള്‍ കാരണം യുദ്ധം വികസിച്ചുവെന്നും കത്തില്‍ വിമര്‍ശനമുണ്ടായി.

Content Highlight: Benjamin Netanyahu fires Defence Minister Yoav Gallant