ഗസയിലെ ബന്ദികൾക്കുള്ള മാനുഷിക സഹായം; റെഡ് ക്രോസ് മേധാവിയെ വെല്ലുവിളിച്ച് ബെഞ്ചമിൻ നെതന്യാഹു
World News
ഗസയിലെ ബന്ദികൾക്കുള്ള മാനുഷിക സഹായം; റെഡ് ക്രോസ് മേധാവിയെ വെല്ലുവിളിച്ച് ബെഞ്ചമിൻ നെതന്യാഹു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th December 2023, 5:03 pm

ജനീവ: ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് മേൽ സ്വാധീനം ചെലുത്താൻ കഴിയുമോയെന്നും ഗസയിലെ തടവുകാർക്ക് സഹായവും മരുന്നും എത്തിക്കാൻ പറ്റുമോയെന്നും റെഡ് ക്രോസിനെ വെല്ലുവിളിച്ച് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റെഡ് ക്രോസ് മേധാവി മിർജാന സ്‌പോൾജാറിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹുവിന്റെ വെല്ലുവിളി.

ബന്ദികളെ മോചിപ്പിക്കുന്നതിൽ ഹമാസിന് മേൽ പൊതുസമ്മർദം ചെലുത്താൻ റെഡ് ക്രോസിന് നിരവധി സാധ്യതകളും വഴികളും അവകാശങ്ങളും ഉണ്ടെന്നും നെതന്യാഹു പറഞ്ഞു. ഗസയിൽ തടവിൽ കഴിയുന്ന 135 ബന്ദികളെ സഹായിക്കാൻ ഐ.സി.ആർ.സിക്ക് കഴിയുമെന്നതിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

എന്നാൽ കൂടിക്കാഴ്ചയുടെ ഭൂരിഭാഗം സമയവും മൗനം പാലിച്ച സ്‌പോൾജാറിക് നെതന്യാഹുവിന്റെ വെല്ലുവിളികൾ പ്രാവർത്തികമാക്കാൻ സാധ്യമായ വിഷയമല്ലെന്നാണ് മറുപടി നൽകിയത്. തങ്ങൾ പരസ്യമായി എത്രത്തോളം ഫലസ്തീൻ സായുധ സംഘടനയായ ഹമാസിന് മേൽ സമ്മർദം ചെലുത്തുന്നുവോ അതിനനുസരിച്ച് ഹമാസ് വാതിൽ കൊട്ടിയടക്കുമെന്ന് സ്‌പോൾജാറിക് കൂട്ടിച്ചേർത്തു.

അതേസമയം തനിക്കും ഈ വിഷയത്തിൽ ഉറപ്പില്ലെന്നും ഗസയിലെ ബന്ദികൾക്ക് മരുന്നുകളും സഹായങ്ങളും എത്തിക്കുന്നതിൽ എത്രമാത്രം വിജയിക്കാൻ കഴിയുമെന്ന് അറിയാൻ സാധിക്കില്ലെന്നും നെതന്യാഹു റെഡ് ക്രോസ് മേധാവിയോട് പറഞ്ഞു.

ഗസയിലെ ബന്ദികളിലേക്ക് ഐ.സി.ആർ.സിക്ക് എത്താൻ കഴിയാത്തതിൽ ഇസ്രഈൽ ഭരണകൂടത്തിന് നിരാശയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതിനുപിന്നാലെയാണ് നെതന്യഹുവിന്റെ വെല്ലുവിളി.

അതേസമയം ഫലസ്തീനിൽ ഇസ്രഈൽ അതിക്രമം വർദ്ധിക്കുതോറും ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവെ റിസർച്ച് നടത്തിയ വോട്ടെടുപ്പിലാണ് ഫല്‌സീതിനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായി കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ ഹമാസിന് പിന്തുണയേറുന്നതോടൊപ്പം തന്നെ നിലവിൽ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫലസ്തീൻ അതോറിറ്റി പ്രസിഡന്റിനുള്ള പിന്തുണ കുത്തനെ കുറഞ്ഞതായും പഠനത്തിൽ പറയുന്നു. സർവെയിൽ പങ്കെടുത്ത 99 ശതമാനം പേരും പാശ്ചാത്യ പിന്തുണയോട് കൂടി ഭരണം നടത്തുന്ന ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്നാണ് പറയുന്നത്.

Content Highlight: Benjamin Netanyahu challenges the head of the Red Cross