| Tuesday, 9th September 2014, 1:03 pm

രാഹുലിനെതിരെ ഗൂഢാലോചനയെന്ന് ബിനി പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലഖ്‌നൗ: രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢാലോചനയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബെനി പ്രസാദ് വര്‍മ്മ രംഗത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃിഥ്വിരാജ് ചവാന്‍, ദിഗ് വിജയ സിങ് എന്നിവരാണ് ഗൂഢാലോചനകള്‍ക്ക് പിന്നില്‍ എന്നാണ് ബെനി പ്രസാദ് പറയുന്നത്. അവര്‍ രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“രാഹുല്‍ യു.പി.എ സര്‍ക്കാരിലെ മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നാണ് ചവാന്റെ വാദം. ജനങ്ങളുമായി കൂടുതല്‍ നന്നായി ഇടപെടുകയും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നയാളാകണം പാര്‍ട്ടി വൈസ് പ്രസിഡന്റ് എന്ന സിങിന്റെ വാദവും ഗൂഢാലോചനയാണ്”. ബെനി പ്രസാദ് പറഞ്ഞു.

മന്‍മോഹന്‍ സിങ് സര്‍ക്കാറില്‍ രാഹുല്‍ ഗാന്ധി വന്നിരുന്നുവെങ്കില്‍ പ്രാധാന മന്ത്രിയുടെയും മറ്റ് അധികൃതരുടെയും പ്രവര്‍ത്തനം തകര്‍ക്കുമായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

അടുത്തിടെ ബെനി പ്രസാദ് രാഹുലുമായും സോണിയ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രാദേശിക നേതാക്കളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്ന് ആരുടെയും പേരെടുത്തു പറയാതെ അറിയിച്ചിരുന്നു.

തിരെഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതും പ്രാദേശിക നേതാക്കളാണെന്നും പിന്നെങ്ങനെയാണ് അവരുടെ തോല്‍വിക്ക് മാത്രം രാഹുല്‍ കാരണമാകുന്നതെന്നും ബിനി പ്രസാദ് പരിഹസിച്ചു.

സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. പാര്‍ട്ടിയില്‍ ചേരണമെന്നാവശ്യപ്പെട്ട് സമാജ് പാര്‍ട്ടി അംഗം സമീപിച്ചിരുന്നതായും എന്നാല്‍ താന്‍ അത് തള്ളുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവരുടെ രക്തത്തിലുള്ളതാണെന്നും അതാണ് അവരുടെ ആയുധമെന്നും ബി.ജെ.പി എം.പി യോഗേന്ദ്ര നാഥിന്റെ ലൗ ജിഹാദുമായി ബന്ധപ്പെട്ട പ്രസ്ഥാവനയോട് ബിനി പ്രസാദ് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more