മുലായം സിങ്ങിന് ഭീകരബന്ധമെന്ന് ബേനിപ്രസാദ്: കോണ്‍ഗ്രസ് വിട്ടേക്കും
India
മുലായം സിങ്ങിന് ഭീകരബന്ധമെന്ന് ബേനിപ്രസാദ്: കോണ്‍ഗ്രസ് വിട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2013, 9:58 am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ കോണ്‍ഗ്രസ് വിടുമെന്ന് സൂചന. ദല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബേനി പ്രസാദ് പങ്കെടുത്തില്ല. കോണ്‍ഗ്രസ് വിട്ട് ബേനിപ്രസാദ് ബി.എസ്.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.[]

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് ഭീകരബന്ധമുണ്ടെന്ന ബേനിപ്രസാദിന്റെ പ്രസ്താവനയെത്തുടര്‍ന്ന് എസ്.പി അംഗങ്ങള്‍ ഇന്നലെ ലോക്‌സഭ തടസ്സപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ബേനിപ്രസാദിനെ ഒഴിവാക്കണമെന്ന് എസ്.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബേനിപ്രസാദ് മാപ്പ് പറയണമെന്നും കാബിനറ്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് എസ്.പി അംഗങ്ങള്‍ നടുത്തളത്തിലറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഇന്നലെ ലോക്‌സഭ നിര്‍ത്തിവെച്ചു.

എല്ലാ മുസ്‌ലീംങ്ങളും ഭീകരരാണെന്ന പ്രസ്താവനയില്‍ ബേനിപ്രസാദ് മാപ്പ് പറയണമെന്ന് ശൂന്യവേളയില്‍ എസ്.പിയുടെ ശൈലേന്ദ്ര കുമാറാണ് ഉന്നയിച്ചത്.

എന്നാല്‍ അത്തരം പ്രസ്താവനകള്‍ താന്‍ നടത്തിയിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയുന്ന വിഷയം ഉയരുന്നില്ലെന്നും ബേനിപ്രസാദ് പറഞ്ഞു. അങ്ങനെ ഞാന്‍ പറഞ്ഞുവെന്നതിന് എന്ത് തെളിവാണുള്ളത്? ഭീകരവാദവുമായി ഒരു മതത്തെയും ബന്ധപ്പെടുത്തിയിട്ടില്ലെന്നും ബേനിപ്രസാദ് അവകാശപ്പെട്ടു.

ബേനിപ്രസാദിനെ കടന്നാക്രമിച്ച് എസ്.പി നേതാവ് മുലായം സിങ്ങും സംസാരിച്ചു. ലഖ്‌നൗയില്‍ നിരവധി മുസ്‌ലീം നേതാക്കള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ താന്‍ പ്രസംഗിച്ചതിനെ തുടര്‍ന്നാണ് ബേനിപ്രസാദിന്റെ പ്രസ്താവനയെന്ന് മുലായം പറഞ്ഞു.

രാജ്യത്തിന് വേണ്ടി മുസ്‌ലീം സമുദായം ചെയ്ത സംഭവാനകളെ സംബന്ധിച്ച് മുസ്ലിം നേതാക്കള്‍ വിശദീരിച്ചിരുന്നു. സമുദായം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും നേതാക്കള്‍ സംസാരിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം തീവ്രവാദത്തിന് മതവും നിറവുമില്ലെന്ന് ബേനിപ്രസാദ് പറഞ്ഞു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തവരുമായി കൂട്ടുകൂടിയ ചരിത്രമാണ് മുലായമിന് ഉള്ളത്. ഗുജറാത്തില്‍ വിജയിക്കുന്നതിന് ബി.ജെ.പി യെ സഹായിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേതെന്നും ബേനിപ്രസാദ് ആരോപിച്ചു.