ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കേന്ദ്രമന്ത്രി ബേനിപ്രസാദ് വര്‍മ വ്യക്തമാക്കി. []
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് ഭീകരബന്ധമുണ്ടെന്ന ബേനിപ്രസാദിന്റെ പ്രസ്താവനയെത്തുടര്‍ന്ന് എസ്.പി അംഗങ്ങള്‍ ലോക്‌സഭ തടസ്സപ്പെടുത്തിയിരുന്നു.
ഇത് മൂലം പാര്‍ലമെന്റ് തടസപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ബേനിപ്രസാദ് വര്‍മ ഖേദപ്രകടനം നടത്തിയത്.
കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ബേനിപ്രസാദിനെ ഒഴിവാക്കണമെന്ന് എസ്.പി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടിരുന്നു.
തന്നെ സംബന്ധിച്ചിടത്തോളം തീവ്രവാദത്തിന് മതവും നിറവുമില്ലെന്ന് ബേനിപ്രസാദ് പറഞ്ഞിരുന്നു. ബാബരി മസ്ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തവരുമായി കൂട്ടുകൂടിയ ചരിത്രമാണ് മുലായമിന് ഉള്ളത്. ഗുജറാത്തില്‍ വിജയിക്കുന്നതിന് ബി.ജെ.പി യെ സഹായിച്ച പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേതെന്നും ബേനിപ്രസാദ് ആരോപിച്ചു
ഇന്നലെ രാത്രിയും അഭിപ്രായം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബേനിപ്രസാദ്. എന്നാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് തടസപ്പെടുന്ന സാഹചര്യമൊഴിവാക്കാനാണ് ഖേദപ്രകടനത്തിന് മന്ത്രി തയാറായത്.
അതേസമയം, ബേനിപ്രസാദ് വര്‍മ പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണ് വര്‍മ, ഖേദപ്രകടനം നടത്തിയത്.
ബേനിപ്രസാദ് വര്‍മ കോണ്‍ഗ്രസ് വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു. ദല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബേനി പ്രസാദ് പങ്കെടുത്തിരുന്നില്ല.
ബേനിപ്രസാദ് മാപ്പ് പറയണമെന്നും കാബിനറ്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് എസ്.പി അംഗങ്ങള്‍ നടുത്തളത്തിലറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലോക്‌സഭ 2 മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.
എല്ലാ മുസ്‌ലീംങ്ങളും ഭീകരരാണെന്ന പ്രസ്താവനയില്‍ ബേനിപ്രസാദ് മാപ്പ് പറയണമെന്ന് ശൂന്യവേളയില്‍ എസ്.പിയുടെ ശൈലേന്ദ്ര കുമാറാണ് ഉന്നയിച്ചത്.
എന്നാല്‍ അത്തരം പ്രസ്താവനകള്‍ താന്‍ നടത്തിയിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയുന്ന വിഷയം ഉയരുന്നില്ലെന്നുമായിരുന്നു ബേനിപ്രസാദിന്റെ വാദം. അങ്ങനെ താന്‍ പറഞ്ഞുവെന്നതിന് എന്ത് തെളിവാണുള്ളത്? ഭീകരവാദവുമായി ഒരു മതത്തെയും ബന്ധപ്പെടുത്തിയിട്ടില്ലെന്നും ബേനിപ്രസാദ് അവകാശപ്പെട്ടിരുന്നു.