മംഗളൂരു: പശുമാംസം കഴിച്ചെന്നാരോപിച്ച് ദളിത് കുടുംബത്തെ സംഘപരിവാര്‍ ആക്രമിച്ചു. വിവാഹനിശ്ചയ തലേന്ന് ഭക്ഷണംകഴിക്കവേയാണ് പശുമാംസം കഴിച്ചുവെന്നാരോപിച്ച് കുടുംബാംഗങ്ങളെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്.
മര്‍ദ്ദനത്തില്‍ കുന്താപുര ത്രാസി അങ്കോടിയിലെ കൊറഗ കുടുംബത്തിലെ ഹരീഷ് (26), ശ്രീകാന്ത് (19), മഹേഷ്(19) എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
പഞ്ചായത്തംഗം ശകുന്തളയുടെ ബന്ധുവിന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം രാത്രി ബന്ധുക്കള്‍ ഭക്ഷണം കഴിക്കുവേയായിരുന്നു ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. പതിനഞ്ചോളം ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം വലിച്ചെറിഞ്ഞ ശേഷമാണ് യുവാക്കളെ മര്‍ദിച്ചത്.
എന്നാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അക്രമത്തിനിരയായവര്‍ക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഗംഗോളി പൊലീസിനെ വിളിച്ചു വരുത്തിയ അക്രമികള്‍ മര്‍ദനത്തില്‍ പരുക്കേറ്റ മൂന്ന് യുവാക്കളെ കൈമാറുകയായിരുന്നു.
ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് അക്രമികളെ പിടികൂടാന്‍ തയ്യാറായില്ല. ഗുരുതരമായ് പരുക്കേറ്റ ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.