കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്.സി മത്സരത്തില്‍ ബെഗളൂരുവിനു ജയം. കേരളത്തെ ഹോം ഗ്രൗണ്ടില്‍ 3-1 നു തകര്‍ത്താണ് ബെംഗളൂരു സീസണില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയത്.
ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്കു ശേഷം നാലു ഗോളുകളാണ് കൊച്ചിയിലെ മത്സരത്തില്‍ പിറന്നത്. മത്സരത്തിന്റെ 62 ാം മിനിട്ടില്‍ ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി പെനാല്‍ട്ടിയിലൂടെ ടീമിനായ് അക്കൗണ്ട് തുറന്നമ്പോള്‍ ഇരട്ട ഗോളുകളുമായ് മിക്കു മികച്ച കളി പുറത്തെടുത്തു. മത്സരത്തിന്റെ അവസാന മിനിട്ടിലാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ പിറന്നത്.
കേരള നായകന്‍ സന്ദേഷ് ജിങ്കന്റെ കൈയില്‍ ബോക്‌സിനുള്ളില്‍ വെച്ച് പന്തു കൊണ്ടതിനു അനുവദിച്ച പെനാല്‍ട്ടിയില്‍ നിന്നുമാണ് ബെംഗളൂരു നായകന്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് മികച്ച രണ്ടു ഗോളുകളുമായി മിക്കു കളം നിറയുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു മിക്കുവിന്റെ രണ്ടു ഗോളും.
പെക്കുസണാണ് കേരളത്തിനായ് ഗോള്‍ നേടിയത്. കേരളാ ഗോള്‍ കീപ്പറുടെ മികച്ച പ്രകടനമാണ് മത്സരത്തില്‍ കേരളത്തിനു തുണയായത്. ഗോളെന്നുറച്ച നിരവധി പന്തുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്.
കേരളം മത്സരത്തിന്റെ ആദ്യപകുതിയില്‍ നിരവധി അവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്. മലയാളി താരങ്ങളായ സി.കെ.വിനീതും റിനോ ആന്റോയും ഇല്ലാതെയാണ് ടീം മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം ബെര്‍ബറ്റോവും ആദ്യ ഇലവനില്‍ ഇല്ല.