national news
വായ്പ തിരിച്ചടച്ചില്ല; കര്‍ണാടകയില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു; എട്ടുപേര്‍ അറസ്റ്റില്‍- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 14, 03:49 am
Friday, 14th June 2019, 9:19 am

ബെംഗളൂരു: വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കര്‍ണാടകയില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. രാമനഗരയിലെ കൊഡിഗെഹള്ളിയില്‍ ഇന്നലെയായിരുന്നു സംഭവം.

ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ യുവതി 12 ലക്ഷം രൂപ കബളിപ്പിച്ചെന്നാണ് ആരോപണം.

ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ സ്വദേശിനിയായ 36-കാരി രാജമ്മയെയാണ് കെട്ടിയിട്ടത്. രാജമ്മയെ കെട്ടിയിട്ട മറ്റുള്ളവരെ പിടികൂടാന്‍ ശ്രമം നടക്കുന്നതായി പൊലീസ് പറഞ്ഞു.

കുറച്ചുവര്‍ഷങ്ങളായി രാജമ്മയും മകളും കൊഡിഗെഹള്ളിയിലാണു താമസിക്കുന്നത്. നിരവധിപ്പേരുടെ കൈയില്‍ നിന്നായി ഇവര്‍ 12 ലക്ഷം രൂപ വാങ്ങി ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഹോട്ടല്‍ നഷ്ടത്തിലായതോടെ ഇവര്‍ക്കു പണം തിരികെനല്‍കാന്‍ കഴിയാതെവന്നു.

തുടര്‍ന്നു നാട്ടുകാരുടെ നിരന്തരം പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ വീട് വിട്ട് മാസങ്ങള്‍ക്കു മുന്‍പ് കൊഡിഗെഹള്ളിയില്‍ നിന്നു നാടുവിട്ടു.

എന്നാല്‍ രാജമ്മ ധര്‍മസ്ഥലയിലുണ്ടെന്നറിഞ്ഞ ചിലര്‍ ബുധനാഴ്ച ഇവരെ കണ്ടെത്തി, വ്യാഴാഴ്ച കൊഡിഗെഹള്ളിയിലേക്കു കൊണ്ടുവന്നു. ഇവര്‍ പണം നല്‍കാനുള്ള ആളുകളും മറ്റു നാട്ടുകാരും ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിടുകയായിരുന്നു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇതുസംബന്ധിച്ച വാര്‍ത്തയും വീഡിയോദൃശ്യവും ട്വീറ്റ് ചെയ്തത്.

വീഡിയോ കടപ്പാട്: എ.എന്‍.ഐ