ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഉത്തരകൊറിയയിലേക്കൊരു യാത്ര, വെറും 1.4 ലക്ഷം രൂപയ്ക്ക്. ശക്തമായ നിയന്ത്രണങ്ങളുള്ള ഉത്തരകൊറിയ പോലുള്ള രാജ്യത്തേക്ക് ഇതെങ്ങനെ സാധ്യമാവുമെന്ന് ചിന്തിച്ചതില്‍ തെറ്റില്ല. എന്നാല്‍ യാത്രക്ക് കാര്‍ തയ്യാറാണന്നാണ് ഒല ആപ്ലിക്കോഷന്‍ ബെംഗളൂരുവിലുള്ള വിദ്യാര്‍ത്ഥിയെ അറിയിച്ചത്. വിഷയം ശ്രദ്ധയില്‍ പെട്ടയുടനെ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഒല കമ്പനി തടിയൂരി.
ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് ഒല വഴി ഉത്തരകെറിയിലേക്ക് പോകാനാവുമോ എന്ന് പരീക്ഷിച്ചതാണ് 21 കാരനായ പ്രശാന്ത് സാഹി.
ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള റോഡ് ഗതാഗത മാര്‍ഗ്ഗം നോക്കാന്‍ ഒല വെറുതെ പരീക്ഷിച്ചുനോക്കുകയായിരുന്നുവെന്നും അപ്പോഴാണ് കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ശ്രദ്ധയില്‍ പെട്ടത്. അത് തന്നെ ആശ്ചര്യപെടുത്തിയെന്നും, അത് ശ്രമിക്കുകയായിരുന്നെന്നും പ്രശാന്ത് പറഞ്ഞു.
13840 കിലോമീറ്ററും, അഞ്ച് ദിവസത്തെ യാത്രയും 1,49088 രൂപയുമാണ് ആപ്ലിക്കേഷന്‍ പ്രശാന്തിന് നല്‍കിയ മറുപടി. വാഹനം അയച്ചിട്ടുണ്ടെന്നും കാത്തിരിക്കാനും ഓല നിര്‍ദ്ദേശിച്ചു. വാഹനത്തിന്റെ പേരും കളറും ഉള്‍പ്പെടെയാണ് നിര്‍ദ്ദേശം വന്നത്.
പ്രശാന്ത് ഒല ബുക്കിങ്ങ് നടത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹ്യത്തുക്കളുമായി പങ്ക് വച്ചിരുന്നു. തുടര്‍ന്ന് റോഹിത് മോന്തയെന്ന ആളാണ് ഈ വിവരം ഒലയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതൊരു സാങ്കേതിക പിഴവാണെന്നും ഉടന്‍ തന്നെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നുമായിരുന്നു ഒലയുടെ പ്രതികരണം.