| Saturday, 5th March 2022, 2:48 pm

'ഒരു റെയില്‍വേ സ്‌പോണ്‍സേഡ് തട്ടിപ്പ്'; റെയില്‍വേ സ്റ്റേഷനിലെ സാനിറ്റൈസിംഗ് മെഷീന്‍ തട്ടിപ്പിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബാഗേജ് സ്‌കാനിങ്ങിന്റെ മറവില്‍ ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന പണത്തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്.

യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനരഹിതമായ എക്‌സ്‌റേ ബാഗേജ് സ്‌കാനിംഗ് മെഷീന് പകരം ‘UV + Ozone ബാഗേജ് സാനിറ്റൈസിംഗ് മെഷീന്‍’ എന്ന പേരില്‍ യന്ത്രം സ്ഥാപിച്ച് യാത്രക്കാരില്‍ നിന്നും അന്യായമായി പണം തട്ടിയെടുക്കുന്നതിനെക്കുറിച്ച് സുജിത് കുമാര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

സാനിറ്റൈസിംഗ് മെഷീനിലൂടെ യാത്രക്കാരുടെ ബാഗേജ് കടത്തിവിടുകയും ഇതിന് 10 രൂപ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സാനിറ്റൈസിംഗ് മെഷീനിന് സമീപം ‘ഓപ്ഷണല്‍’ എന്ന് എഴുതിയിട്ടുണ്ടെങ്കിലും തിരക്കിനിടില്‍ മിക്ക യാത്രക്കാരും എക്‌സ്‌റേ സ്‌കീനിംഗ് മെഷീന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ഇതിലൂടെ ബാഗേജ് കടത്തിവിടുകയും പണം നഷ്ടമാവുകയുമാണ്.

പണം വേണമെന്നറിഞ്ഞ് ബഹളം വെക്കുന്നവരെ അവിടെ നില്‍ക്കുന്ന പൊലീസുകാരന്റെ സഹായത്തോടെ വിരട്ടുന്നതായും പോസ്റ്റില്‍ പറയുന്നു.

ഇത് പല റെയില്‍വേ സ്റ്റേഷനുകളിലും നടക്കുന്നുണ്ടെന്ന് പറഞ്ഞ്
വായനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കൂടിയാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

”ബെംഗളൂരു യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ഒരു റെയില്‍വേ സ്‌പോണ്‍സേഡ് തട്ടിപ്പ്. എന്‍ട്രന്‍സില്‍ ഉള്ള എക്‌സ്‌റേ ബാഗേജ് സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനരഹിതമാണ്.

അതിന്റെ മുന്നില്‍ എക്‌സ്‌റേ മെഷീന് സമാനമായ ഒരു മെഷീന്‍ വച്ചിരിക്കുന്നു അതിന്റെ പേരാണ് ‘UV + O3 ബാഗേജ് സാനിറ്റൈസിംഗ് മെഷീന്‍’. കൊവിഡ് കാലത്ത് പ്രത്യക്ഷപ്പെട്ട അനേകം ഉഡായിപ്പുകളില്‍ ഒന്നാണിത്.

യൂണിഫോമിട്ട് ബാഡ്‌ജൊക്കെ തൂക്കിയ ഒരുത്തന്‍ സ്റ്റേഷനിലേക്ക് കടക്കുന്നവരെയൊക്കെ മാടി വിളിച്ചുകൊണ്ട് അതിലേക്ക് ലഗേജുകള്‍ എടുത്ത് വയ്ക്കുന്നു. മെഷീനിന്റെ മറുവശത്ത് എത്തുന്നതോടെ ബാഗ് ഒന്നിന് 10 രൂപ വെച്ച് ബില്ലും കൊടുക്കുന്നു.

ഒരിടത്തുമില്ലാത്ത രിതിയില്‍ ബാഗേജ് സ്‌കാനിംഗിന് 10 രൂപ നല്‍കേണ്ട അവസ്ഥ വരുന്നത് കാണുന്ന യാത്രക്കാരില്‍ ചിലര്‍ റെയില്‍വേയുടെ പുതിയ വല്ല പരിഷ്‌കാരവും ആണെന്ന് കരുതി കാശുകൊടുത്ത് പിറുപിറുത്തുകൊണ്ട് നടന്നുനീങ്ങുന്നു. ചിലര്‍ ബഹളം വെക്കുന്നു.

ബഹളം വെക്കുന്നവരെ അവിടെ നില്‍ക്കുന്ന പൊലീസുകാരന്റെ സഹായത്തോടെ വിരട്ടുന്നു. ഈ പറഞ്ഞ മെഷീനിന്റെ മുകളില്‍ ‘Optional’ എന്ന് എഴുതി വെച്ചിട്ടുണ്ട്. പക്ഷേ തിരക്കിനിടെ ട്രെയിന്‍ പിടിക്കാന്‍ വരുന്ന മിക്കവരും എക്‌സ്‌റേ സ്‌കീനിംഗ് മെഷീന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ഇവരുടെ വലയില്‍ വീഴുന്നു.

ട്രെയിന്‍ വരാന്‍ സമയം ഉണ്ടായിരുന്നതിനാല്‍ ആ പരിസരത്ത് നിന്ന് ചിലരെയൊക്കെ ഈ തട്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തടി കേടാകാന്‍ സാധ്യത ഉണ്ടെന്നതിനാല്‍ അധികനേരം നിന്നില്ല. ഈ പരിപാടി പല റെയില്‍വേ സ്റ്റേഷനുകളിലും ഉണ്ടെന്നാണ് അറിയുന്നത്.

അതിനാല്‍ സ്റ്റേഷനുകളില്‍ എക്‌സ്‌റേ സ്‌ക്രീനിംഗ് മെഷീനിലാണോ അതോ ഇവരുടെ തട്ടിപ്പ് സാനിറ്റൈസിംഗ് മെഷീനിലാണോ ബാഗ് കൊണ്ടുവെച്ച് കൊടുക്കുന്നതെന്ന് ഉറപ്പു വരുത്തുക,” പോസ്റ്റില്‍ പറയുന്നു.


Content Highlight: Bengaluru railway station money fraud, in the name of baggage scanning machine

We use cookies to give you the best possible experience. Learn more