| Wednesday, 20th March 2024, 8:20 am

'തമിഴ്‌നാട്ടുകാരെ മുഴുവന്‍ ഉദ്ദേശിച്ചല്ല'; വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി, കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മാപ്പില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ബെംഗളൂരു നോര്‍ത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്ദ്‌ലാജെ. തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബുണ്ടാക്കാന്‍ പരിശീലനം നേടി ബെംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നുവെന്ന പരാമര്‍ശത്തിലാണ് ശോഭ മാപ്പുപറഞ്ഞിരിക്കുന്നത്.

തമിഴ്‌നാട്ടുകാരെ മുഴുവന്‍ ഉദ്ദേശിച്ചല്ല ഇത്തരം പ്രതികരണം നടത്തിയത് എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം, കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശം പിന്‍വലിക്കാനോ മാപ്പുപറയാനോ അവര്‍ തയ്യാറായിട്ടില്ല.

ബോംബുണ്ടാക്കാന്‍ പരിശീലനം നേടി തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുന്നുന്നുവെന്നും കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെത്തി സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്.

”ഒരാള്‍ തമിഴ്നാട്ടില്‍നിന്നു വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ദല്‍ഹിയില്‍ നിന്ന് മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നു.

കേരളത്തില്‍ നിന്ന് മറ്റൊരാള്‍ വന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു” ശോഭ പറഞ്ഞു. ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നെന്നും ശോഭ ആരോപിച്ചു.

ബെംഗളൂരുവിലെ രാമശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു പ്രസ്താവന.

ബെംഗളൂരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ശോഭ വിദ്വേഷ പരാമര്‍ശം നടത്തിയത്. പള്ളിക്ക് മുമ്പില്‍ വൈകീട്ട് നിസ്‌കാര സമയത്ത് പാട്ട് വെച്ച മൊബൈല്‍ കടക്കാരനും ഒരു സംഘം ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ഇതിന് പിന്നാലെ ഹനുമാന്‍ ചാലീസ വെച്ചതിന് കടക്കാര്‍ക്ക് മര്‍ദനമേറ്റുവെന്ന ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്നാണ് ശോഭയുടെ വിദ്വേഷ പരാമര്‍ശം.

ശോഭയ്ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഇവരുടെ നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങള്‍ എന്‍.ഐ.എ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഒന്നുകില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കില്‍ സ്‌ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: Bengaluru North BJP candidate and Union Minister of State Sobha Karandlaje has apologized for his hate speech against Tamil Nadu.

We use cookies to give you the best possible experience. Learn more