| Friday, 6th January 2017, 12:04 pm

ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതിന് തെളിവില്ല: എന്തെങ്കിലും നടന്നിരുന്നെങ്കില്‍ അത് വൈറലാകുമായിരുനെന്നും സിറ്റി പോലീസ് കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: പുതുവത്സര ദിനത്തില്‍ ബംഗളൂരു നഗരത്തില്‍ സ്്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് ബംഗളൂരു പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദ്.

ഒരു കോടി പേരുള്ള നഗരത്തില്‍ അത്തരം സംഭവങ്ങള്‍ നടക്കാമെങ്കിലും അതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല. നഗരത്തിലെ 60 സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒന്നില്‍ നിന്നു പോലും ലൈംഗിക അതിക്രമത്തിന്റെ തെളിവുകള്‍ ലഭിച്ചില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.

എന്നാല്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി രണ്ടിന് ഒരു ദിനപത്രം സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ നിശ്ചല ഫോട്ടോകളും ബ്ലര്‍ ചെയ്ത ഫോട്ടോകളും പ്രസിദ്ധീകരിച്ചിരുന്നു. അതിനെ ഗൗരവത്തോടെയാണ് കണ്ടത്. അത് അവഗണിക്കാന്‍ കഴിയുന്നതല്ല. അതേസമയം കാര്യങ്ങള്‍ സങ്കല്‍പ്പിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഏകദേശം 60 ഓളം സിസിടിവി ക്യാമറകളിലെ മുഴുവന്‍ വീഡിയോ ഫൂട്ടേജും പൊലീസ് പരിശോധിച്ചു. ലൈംഗികാതിക്രമത്തിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്നും സൂദ് പറയുന്നു.


ഒരു കോടി പേര്‍ വസിക്കുന്ന ഒരു നഗരത്തില്‍ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞിരുന്നു. ഡിസംബര്‍ 31ന് എം.ജി റോഡില്‍ നിരവധി പൊലീസുകാരും 20 ഓളം മാധ്യമങ്ങളുടെ ഒബി വാനുകളും ഉണ്ടായിരുന്നു. ജനുവരി ഒന്നിന് എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്ല. ഇന്നത്തെ കാലത്ത് എന്തെങ്കിലും നടന്നാല്‍ അത് മിനിറ്റുകള്‍ക്കുള്ളില്‍ വൈറല്‍ ആകുമെന്നും അദ്ദേഹം പറയുന്നു.

ജനുവരി ഒന്നിന് പുതുവത്സര ദിനത്തിലാണ് പ്രവീണ്‍ സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നാല് കേസുകളെടുത്തിട്ടുണ്ട്. പുതുവര്‍ഷ പുലരിയില്‍ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ നാല് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്കിലെത്തിയ ലിനോ എന്ന യുവാവാണ് അറസ്റ്റിലായത്.

യുവതിയുടെ നാട്ടുകാരന്‍ തന്നെയാണ് ബികോം വിദ്യാര്‍ത്ഥി കൂടിയായ ലിനോ. ബൈക്കില്‍ ലിനോയ്ക്ക് വേണ്ടി കാത്ത് നില്‍ക്കുന്ന സുഹൃത്ത് അയ്യപ്പയും അറസ്റ്റിലായിട്ടുണ്ട്.

നേരത്തെ, ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് എതിരെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍, ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരം സേവാഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെയായിരുന്നു നഗരത്തില്‍ ലൈംഗികാതിക്രമം നടന്നത്. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി അതിക്രമം നടന്നത്. സ്ത്രീകളുടെ ശരീരത്തില്‍ കയറിപ്പിടിച്ച അക്രമികള്‍ സ്ത്രീകളെ അസഭ്യം പറഞ്ഞതായും പരാതിയുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ ഈസ്റ്റ് ബെംഗളൂരുവിലെ ഒറ്റപ്പെട്ട സ്ഥലത്തുവെച്ച് ഡിസംബര്‍ 31-ന് രാത്രി മറ്റൊരു യുവതിയും ആക്രമിക്കപ്പെട്ടിരുന്നു.  ബൈക്കിലെത്തിയ രണ്ടുപേര്‍ യുവതിയെ കടന്നുപിടിക്കുന്നതിന്റേയും തള്ളിയിടുന്നതിന്റേയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അക്രമികളെ കണ്ടെത്താനായി 45 സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. തുടര്‍ന്നായിരുന്നു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more