| Tuesday, 3rd January 2017, 11:42 am

അതിക്രമത്തിന് കാരണം പാശ്ചാത്യ വസ്ത്രധാരണം; ബംഗളൂരുവില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അതിക്രമങ്ങളെ ന്യായീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബംഗളൂരു: പുതുവത്സര ആഘോഷത്തിനിടെ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര.

പാശ്ചാത്യ ശൈലിയില്‍ വസ്ത്രം ധരിച്ചെത്തിയതാണ് ബംഗളൂരുവിലെ തെരുവില്‍ പുതുവത്സരാഘോഷത്തിനിടയില്‍ സ്ത്രീകള്‍ വ്യാപകമായി പീഡനത്തിനിരയാകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതിന് കാരണം സ്ത്രീകള്‍ തന്നെയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ അവര്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് പ്രശ്‌നമാകുന്നതെന്നായിരുന്നു ജി. പരമേശ്വരയുടെ പ്രസ്താവന.

അനേകം പേര്‍ ഇത്തരം ആഘോഷങ്ങളില്‍ പങ്കാളികളാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന യുവാക്കളും യുവതികളുമെല്ലാം പാശ്ചാത്യ രാജ്യങ്ങളിലെ പോലെയാണ് വസ്ത്രങ്ങള്‍ ധരിച്ചിരുന്നത്. ഇവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സ്ത്രീകള്‍ക്ക് നേരെ പീഡനശ്രമങ്ങളുണ്ടായി. പക്ഷേ മാനസികാവസ്ഥയില്‍ മാത്രമല്ല വസ്ത്രങ്ങളിലും പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും പരമേശ്വര പറഞ്ഞു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പരമേശ്വരയുടേത് നിരുത്തരവാദ പരമായ പ്രസ്താവനയാണെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു. ഒരു ആഭ്യന്തരമന്ത്രിയില്‍ നിന്നും വരുന്ന ഇത്തരം വാക്കുകള്‍ ഖേദകരമാണെന്നും അദ്ദേഹം രാജിവെച്ച് ക്ഷമ പറയണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.


നൂറുകണക്കിനു പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടും പുതുവത്സരാഘോഷത്തിനിടെ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നഗരത്തിലെ പ്രശസ്തമായ എം.ജി റോഡിലും ബ്രിഗേഡ് റോഡിലുമാണ് പുതുവത്സരാഘോഷങ്ങള്‍ക്കിടെ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങള്‍ അരങ്ങേറിയത്. “ബാംഗ്ലൂര്‍ മിറര്‍” ദിനപത്രമാണ് ഇത്തരത്തില്‍ സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്ന ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

We use cookies to give you the best possible experience. Learn more