ബെംഗളൂരു: കൊവിഡ് നിയന്ത്രണത്തിനുവേണ്ടി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് വെടിവെച്ചു. ബെംഗളൂരുവിലല്‍ സഞ്ജയ് നഗറിലാണ് സംഭവം. യുവാവിന്റെ കാല്‍ മുട്ടിന് താഴെയാണ് വെടിയേറ്റത്.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് പൊലീസ് യുവാവിനെയും സുഹൃത്തുക്കളെയും വളഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസുമായി വാക്കേറ്റം നടത്തിയെന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
‘ഭൂപ്‌സാന്ദ്ര ചെക്ക്‌പോസ്റ്റില്‍വെച്ചാണ് ഇവര്‍ പിടിയിലായത്. അമിതവേഗതിയില്‍ ബൈക്ക് സ്റ്റണ്ട് നടത്തുകയായിരുന്നു ഇവര്‍. ഇവരെ പിന്തുടര്‍ന്ന് നിരുത്സാഹപ്പെടുത്താനും മടക്കി അയക്കാനും പൊലീസ് സംഘം ശ്രമിച്ചു. എന്നാല്‍ അവര്‍ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നു’, സഞ്ജയ് നഗര്‍ സ്‌റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൊലീസിനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചതെന്നാണ് പൊലീസ് വാദം. യുവാവ് വനിതാ പൊലീസുകാരെയും കോണ്‍സ്റ്റബിള്‍മാരെയും അക്രമിക്കാന്‍ ശ്രമിച്ചെന്നും കൂടുതല്‍ അതിക്രമം ഉണ്ടാകാതിരിക്കാനായാണ് വെടുയുതിര്‍ത്തതെന്നും പൊലീസ് പറയുന്നു.