ബെംഗളൂരു: ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ കബളിപ്പിച്ച് 1.3 കോടിരൂപ തട്ടിയെടുത്ത കൊറിയര്‍ ജീവനക്കാരനും കൂട്ടുകാരും പിടിയില്‍. ചിക്കമഗളൂരു സ്വദേശികളായ ദര്‍ശന്‍ (25), സുഹൃത്തുക്കളായ പുനിത് (19), സച്ചിന്‍ ഷെട്ടി (18), അനില്‍ ഷെട്ടി (24) എന്നിവരെയാണ് ചിക്കമഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
ആമസോണ്‍ ഉത്പന്നങ്ങള്‍ ചിക്കമഗളൂരുവില്‍ വിതരണംചെയ്യുന്ന കൊറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് ദര്‍ശന്‍. കൂട്ടുകാരുടെ സഹായത്തോടെ ഉത്പന്നം ലഭിക്കുമ്പോള്‍ പണം നല്‍കുന്ന സംവിധാനം ഉപയോഗിച്ച് ലാപ്ടോപ്പുകളും സ്മാര്‍ട്ട്ഫോണുകളും വാച്ചുകളും അടക്കമുള്ള ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
ഉത്പന്നങ്ങള്‍ എത്തിയതിനുശേഷം സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് പണം കൈപ്പറ്റിയതായി തെറ്റായ സന്ദേശം കമ്പനിയിലേക്ക് അയയ്ക്കുകയായിരുന്നു. ആമസോണ്‍ ഫെബ്രുവരിയില്‍ നടത്തിയ ഓഡിറ്റിങ്ങിനിടെയാണ് 1.3 കോടി രൂപ കമ്പനിയില്‍ എത്തിയില്ലെന്നു മനസ്സിലാക്കുന്നത്.
Also Read: ഐതിഹാസിക വിജയത്തിന് ശേഷം അവര്‍ മടങ്ങി; ശാന്തരായി, അച്ചടക്കത്തോടെ [ചിത്രങ്ങള്‍]
തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ദര്‍ശന് കമ്പനി നല്‍കിയിരുന്ന സൈ്വപ്പിങ് മെഷീനില്‍ നിന്ന് സന്ദേശം വന്നിട്ടുണ്ടെങ്കിലും അക്കൗണ്ടിലേക്ക് പണമെത്തിയില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ചത് എങ്ങനെയെന്ന് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്.
സംഘത്തില്‍ നിന്ന് നാലു ബൈക്കുകളും ഒട്ടേറെ സ്മാര്‍ട്ട്ഫോണുകളും ലാപ് ടോപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.