ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല; ബംഗളൂരുവില്‍ യുവാവിനെ അറസ്റ്റ് ചെയ്തു; ആള്‍ക്കൂട്ട മര്‍ദ്ദനവും
national news
ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല; ബംഗളൂരുവില്‍ യുവാവിനെ അറസ്റ്റ് ചെയ്തു; ആള്‍ക്കൂട്ട മര്‍ദ്ദനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 10:00 am

ബംഗളൂരു: തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേല്‍ക്കാത്തതിന്റെ പേരില്‍ 29 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജയ് നഗര്‍ സ്വദേശിയായ ജിതിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിയേറ്ററിനുള്ളില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതായും ജിതിന്‍ പറഞ്ഞു.

ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് ജിതിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

തന്നെ ആക്രമിച്ചവര്‍ക്കെതിരെ പരാതി കൊടുക്കുന്നതിനായി മൊഴിയെടുക്കണമെന്ന് പറഞ്ഞ പൊലീസ് തന്നെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ജിതിന്‍ പറഞ്ഞു. ദേശീയഗാനം ചൊല്ലുന്നതിനിടെ ജിതിന്‍ പ്രകോപനകരമായി സംസാരിച്ചതാണ് കേസെടുക്കാന്‍ കാരണമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ദേശീയഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കണമെന്നില്ല. തിയേറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ട് 2016ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും 2018ല്‍ തിരുത്തുകയായിരുന്നു.