ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത സംഭവം; 7000 പേര്‍ക്കെതിരെ കേസെടുത്തു
national news
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത സംഭവം; 7000 പേര്‍ക്കെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th December 2020, 7:41 am

ബെംഗളൂരു: നാല് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത തൊഴിലാളികള്‍ക്ക് നേരെ കേസെടുത്തു. തിരിച്ചറിയാനാകാത്ത 7000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 5000 പേര്‍ കോണ്‍ട്രാക്ട് തൊഴിലാളികളാണ്. അക്രമം നടത്തല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കര്‍ണാടക പൊലീസ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ചയാണ് തായ്‌വാന്‍ ആസ്ഥാനമായ വിസ്ട്രോണ്‍ കോര്‍പ്പറേഷന്റെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെ ആക്രമണം നടന്നത്. നാല് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സംഘം കൂട്ടത്തോടെയെത്തി ഫാക്ടറി തല്ലിത്തകര്‍ത്തത്. കല്ലേറിലും മറ്റും വലിയ നാശനഷ്ടം ഫാക്ടറിക്ക് സംഭവിച്ചിരുന്നു.

ബെംഗളൂരുവിലെ കോലാര്‍ ജില്ലയിലെ നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആക്രമണമെന്നും ഫര്‍ണിച്ചറുകള്‍ക്കും വാഹനങ്ങള്‍ക്കും ഫാക്ടറിയിലെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാല് മാസമായി കമ്പനി തങ്ങള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫാക്ടറിയുടെ ജനല്‍ചില്ലുകളും വാതിലുകളും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വാഹനങ്ങളും എല്ലാം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു.

തൊഴിലാളികള്‍ ഇവിടെ രണ്ട് ഷിഫ്റ്റുകളിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 7000 മുതല്‍ 8,000 വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അതേസമയം വിസ്ട്രോണിന്റെ ഫാക്ടറിയില്‍ നടന്ന അക്രമ സംഭവത്തെ കര്‍ണാടക സര്‍ക്കാര്‍ അപലപിച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി സി.എന്‍ അശ്വത്‌നാരായണന്‍ അറിയിച്ചിരുന്നു.

നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഉചിതമായ ഫോറത്തിലൂടെ പരാതി നല്‍കുകയായിരുന്നു തൊഴിലാളികള്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengaluru Iphone Factory attacked by employees, case against 7000