ദീപാവലി അപകടങ്ങള്‍; ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കി ബെംഗളൂരു ഭരണകൂടം
national news
ദീപാവലി അപകടങ്ങള്‍; ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കി ബെംഗളൂരു ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2024, 12:08 pm

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുള്ള അപകടങ്ങളെ പ്രതിരോധിക്കാന്‍ നടപടിയെടുത്ത് ബെംഗളൂരുവിലെ പ്രാദേശിക ഭരണകൂടം.

പൊള്ളല്‍ കേസുകള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന നഗരികളിലെ ആശുപത്രികളില്‍ അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്.

മിന്റോ, വിക്ടോറിയ തുടങ്ങിയ ആശുപത്രികളില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ കൂടുതല്‍ ബ്ലോക്കുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ ആശുപത്രികളെയാണ് കണ്ണിനും മറ്റും പൊള്ളലേല്‍ക്കുന്നവര്‍ എല്ലായ്പോഴും ആശ്രയിക്കാറുള്ളത്.

മഹാബോധി ബേണ്‍സ് സെന്ററില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കായി വിക്ടോറിയയില്‍ പ്രത്യേക ബ്ലോക്ക് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റും ആശുപത്രിയില്‍ തയ്യാറാണ്. ആന്റിബയോട്ടിക്കുകള്‍, ഫ്‌ലൂയിഡുകള്‍, ഡ്രസിങ് മെറ്റീരിയലുകള്‍, കിടക്കകള്‍ എന്നിവയും ആശുപത്രിയില്‍ അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.

മിന്റോ ആശുപത്രിയില്‍ കണ്ണിന് പരിക്കേല്‍ക്കുന്നവരെ ചികില്‍സിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘവും ഉണ്ടാകും. പരിക്കേല്‍ക്കുന്നവരെ പരിശോധിക്കാനും കിടത്തി ചികിത്സിക്കാനും പ്രത്യേക വാര്‍ഡുകളുണ്ട്. പ്രാഥമിക വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമേ പ്രാഥമിക പരിചരണം നല്‍കുകയുള്ളു. തുടര്‍ന്ന് രോഗികളെ പ്രത്യേക ബേണ്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

‘ഉത്സവ കാലങ്ങളില്‍ പൊള്ളല്‍, മസ്തിഷ്‌കാഘാതം, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍ സാധാരണ കേസുകളില്‍ ഉള്‍പ്പെടുന്നു,’ ശേഖര്‍ ഐ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ. രാജശേഖര്‍ വൈ.എല്‍. പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 50 രോഗികളെയെങ്കിലും ചികിത്സിച്ചു. അതില്‍ ഗുരുതരമായ കേസുകള്‍ പോലും ഉണ്ടായിട്ടുണ്ട്. മുന്‍കരുതലുകള്‍ അത്യന്താപേക്ഷിതമാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ പടക്കം പൊട്ടിക്കണം. അപകടങ്ങള്‍ കാഴ്ചക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും രാജശേഖര്‍ മുന്നറിയിപ്പ് നല്‍കി.

ദീപാവലി ദിനത്തില്‍ രാത്രി എട്ട് മുതല്‍ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂവെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ്.

ഉത്തരവ് നടപ്പിലാക്കാന്‍ അനുസരണം സംയുക്ത ടാസ്‌ക് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ടെന്നും ഭയാനന്ദ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച 74 സ്ഥലങ്ങളില്‍ മാത്രമേ ബെംഗളൂരുവില്‍ പടക്കകടകള്‍ സ്ഥാപിക്കാന്‍ അനുമതിയുള്ളു. ഇവിടെ നറുക്കെടുപ്പ് സംവിധാനത്തിലൂടെ 315 താത്കാലിക പെര്‍മിറ്റുകളാണ് കടകള്‍ സ്ഥാപിക്കാന്‍ നല്‍കിയിരിക്കുന്നത്.

Content Highlight: Bengaluru has taken steps to prevent possible accidents as part of Diwali celebrations