| Friday, 19th July 2024, 11:32 am

നികുതിയടച്ചില്ല; കര്‍ണാടകയില്‍ കര്‍ഷകന് പ്രവേശനം നിഷേധിച്ച മാള്‍ അടപ്പിച്ച് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ധോത്തി ധരിച്ചത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച ബെംഗളൂരുവിലെ ജി.ടി മാള്‍ സീല്‍ ചെയ്ത് അധികൃതര്‍. 2023-24 വര്‍ഷത്തെ 1.8 കോടി രൂപ നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലിക ( ബി.ബി.എംപി ) മാള്‍ സീല്‍ ചെയ്തത്.

കര്‍ഷകന് നേരിട്ട അപമാനത്തില്‍ മാളിന്റെ ഉടമ ഖേദം പ്രകടിപ്പിക്കുകയും ഒരാഴ്ചത്തേക്ക് തങ്ങളുടെ മാള്‍ അടച്ചിടുമെന്ന് പറയുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 11 മണിയോടെ ബി.ബി.എം.പി ഉദ്യോഗസ്ഥര്‍ മാളിലെത്തി നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്തത്. നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സിവില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്നും മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കര്‍ഷകന് മാളില്‍ പ്രവേശനം നിഷേധിച്ച സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) വകുപ്പ് 126 (2) പ്രകാരം വ്യക്തി സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കര്‍ഷകനായ ഫക്കീരപ്പയെ അപമാനിച്ചതിന് മാള്‍ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാരനുമായ അരുണിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നാഗരബാവിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ധര്‍മരാജ് ഗൗഡ ആവശ്യപ്പെട്ടിരുന്നു.

വിഷയം നിയമസഭയിലും വലിയ ചര്‍ച്ചയായിരുന്നു. കര്‍ഷകനെ അപമാനിച്ചതിന് മാള്‍ അടച്ചുപൂട്ടാന്‍ നിയമത്തില്‍ വകുപ്പുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.

മകന്‍ നാഗരാജിനൊപ്പം, സിനിമ കാണാന്‍ മാളിലെത്തിയ ഫക്കീരപ്പ എന്ന കര്‍ഷകനാണ് തന്റെ വസ്ത്ര ധാരണത്തിന്റെ പേരില്‍ മാള്‍ അധികൃതരില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നത്. ജൂലൈ 16നായിരുന്നു സംഭവം.

വസ്ത്ര ധാരണം ശരിയല്ലെന്നും പിതാവ് പാന്റ് ധരിക്കണമെന്നും മാള്‍ അധികൃതര്‍ നാഗരാജിനോട് പറഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാള്‍ അധികൃതരുടെ നടപടി മകന്‍ ചോദ്യം ചെയ്തതോടെയാണ് പിതാവ് പാന്റ് ധരിച്ചാല്‍ മാളില്‍ പ്രവേശിക്കാമെന്ന് ഇവര്‍ പറഞ്ഞത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാള്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയരുന്നത്.

ഇവര്‍ പറയുന്നത് പോലെ ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ക്ക് എങ്ങനെ ധോത്തി ഉപേക്ഷിച്ച് പാന്റ് ധരിച്ച് വരാനാകുമെന്ന് മകന്‍ ചോദിച്ചു. വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളോട് ഇത്തരത്തില്‍ പെരുമാറുന്നത് അന്യായമാണെന്ന് ഫക്കീരപ്പ പറഞ്ഞു.

Content Highlight: Bengaluru GT Mall Sealed

We use cookies to give you the best possible experience. Learn more