ബെംഗളൂരു: ബെംഗളൂരുവില്‍ തെരുവില്‍ സംഘം ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല്. ബെംഗളൂരുവിലെ പ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയത്.
സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്ന ഒരു അണ്‍വെരിഫൈഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീഡിയോയില്‍ പെണ്‍കുട്ടികള്‍ ചേരി തിരിഞ്ഞ് പരസ്പരം അടിക്കുകയും തൊഴിക്കുകയും മുടിപിടിച്ചു വലിക്കുന്നതുമാണുള്ളത്. ബേസ്‌ബോള്‍ ബാറ്റെടുത്ത് പരസ്പരം അടിക്കുന്നതും വീഡിയോയിലുണ്ട്.
പെണ്‍കുട്ടികള്‍ സ്‌റ്റെപ്പില്‍ നിന്നും വീഴുന്നതും മറ്റൊരാളുടെ മുക്കിടിച്ചുപൊട്ടിക്കുന്നതുമായ സംഭവങ്ങളും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
ശേഷം നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥിനികളെ പിടിച്ചുമാറ്റിയതും രംഗം ശാന്തമാക്കിയതും.
എന്ത് കാരണത്താലാണ് വിദ്യാര്‍ത്ഥിനികള്‍ ഏറ്റുമുട്ടിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇതുവരെ രജസിറ്റര്‍ ചെയ്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും അശോക് നഗര്‍ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ തിയ്യതിയും സമയവും പോലും തങ്ങള്‍ക്കറിയില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവരുടെ സ്‌കൂള്‍ മാനേജ്‌മെന്റും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു വിദ്യാര്‍ത്ഥിനിയുടെ ആണ്‍സുഹൃത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തെരുവിലെ കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് സൂചന.
തന്റെ പെണ്‍സുഹൃത്തറിയാതെ ആണ്‍കുട്ടി അതേ സ്‌കൂളിലെ മറ്റൊരു പെണ്‍കുട്ടിയുമായി പുറത്തുപോയിരുന്നുവെന്നും ഇതറിഞ്ഞ പെണ്‍സുഹൃത്ത് അവളെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വഴക്കില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content highlight: Bengaluru girl students indulge in street fight, video goes viral