ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ മത്സരം ആരംഭിച്ചിരിക്കെ ആദ്യ സെമിയുടെ ഒന്നാം പാദത്തിൽ മുംബൈ സിറ്റി എഫ്.സിയെ ഒരു ഗോളിന് മറികടന്ന് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരു എഫ്.സി.
മത്സരം 89 മിനിട്ട് പിന്നിട്ടപ്പോൾ ഛേത്രി നേടിയ ഗോളിലാണ് ബെംഗളൂരു മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളൊന്നും സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ബെംഗളൂരുവിന്റെ പ്രതിരോധക്കോട്ട തകർക്കാൻ മുംബൈക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം പന്ത് കൈവശം കളിച്ചത് മുംബൈയായിരുന്നു.
കളിയുടെ 64 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചിരുന്ന മുംബൈക്ക് എന്നാൽ വെറും മൂന്ന് ഷോട്ട് ഓൺ ടാർഗറ്റ് മാത്രമേ ബെംഗളൂരു പോസ്റ്റിലേക്ക് ഉതിർക്കാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ വെറും 36 ശതമാനം സമയം മാത്രം പന്ത് കൈവശമുണ്ടായിരുന്ന ബെംഗളൂരുവിന് അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ മുംബൈയുടെ പോസ്റ്റിലേക്ക് ഉതിർക്കാൻ സാധിച്ചു.
ആദ്യ പാദ മത്സരത്തിൽ ബെംഗളൂരു വിജയിച്ചതോടെ മാർച്ച് 12 നടക്കുന്ന രണ്ടാം പാദ സെമിയിൽ രണ്ട് ഗോളിനെങ്കിലും വിജയിച്ചാൽ മാത്രമേ മുംബൈക്ക് ഫൈനൽ സ്വപ്നം കാണാൻ സാധിക്കൂ.
മാർച്ച് ഒമ്പതിന് ഹൈദരാബാദ്- മോഹൻ ബഗാൻ എന്നീ ടീമുകളാണ് രണ്ടാം സെമിയിൽ പരസ്പരം ഏറ്റുമുട്ടുന്നത്.
Content Highlights: bengaluru fc win first leg semi final match against mimbai city fc