| Tuesday, 7th March 2023, 11:34 am

നാണം കെടുത്തിയ ഡയസിനെയടക്കം പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായി മഞ്ഞപ്പട; ഫൈനല്‍ ലക്ഷ്യമിട്ട് ഛേത്രി ഇന്നിറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിന്റെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് ബെംഗളൂരു എഫ്.സി ഇന്നിറങ്ങുകയാണ്. ഗ്യാലറി എതിരായ മുംബൈയുടെ കളിത്തട്ടകത്തിലാണ് ആദ്യ സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തിന് ഛേത്രിയും സംഘവും ഇറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്.സിയെയാണ് ബെംഗളൂരുവിന് നേരിടാനുള്ളത്.

സീസണില്‍ രണ്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം ഇരുവരും വിജയിച്ചിരുന്നു. ഫെബ്രുവരി 15ന് നടന്ന അവസാന എന്‍കൗണ്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരു മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ആദ്യ പാദ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിന് ലഭിക്കുന്ന പിന്തുണ ഏറെ വലുതാണ്. മുംബൈ സിറ്റിയുടെ ആരാധക കൂട്ടമായ വെസ്റ്റ്‌കോസ്റ്റ് ബ്രിഗേഡ്‌സിനൊപ്പം മഞ്ഞപ്പടയും ബെംഗളൂരുവിനോടും സുനില്‍ ഛേത്രിയോടുമുള്ള വിരോധം കാരണം മുംബൈയെ പിന്തുണക്കാന്‍ ഒരുങ്ങുകയാണ്.

നോക്ക് ഔട്ട് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. മത്സരത്തിന്റെ 97ാം മിനിട്ടില്‍ നേടിയ വിവാദ ഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. തിരിച്ചടിക്കാന്‍ 27 മിനിട്ടുണ്ടായിരുന്നിട്ടും ഛേത്രി നേടിയ ഗോളിന് പിന്നാലെ കോച്ചും ടീമും സ്‌റ്റേഡിയം വിടുകയായിരുന്നു.

ഇതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപ ശരങ്ങളുമായിരുന്നു സുനില്‍ ഛേത്രിക്കും ബെംഗളൂരുവിനും നേരിടേണ്ടി വന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇന്ത്യന്‍ നായകനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

തങ്ങളെ തോല്‍പിച്ച് സെമിയില്‍ പ്രവേശിച്ച ബെംഗളൂരു ഏതുവിധേനയും തോറ്റു കാണണം എന്നാണ് ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും ആഗ്രഹിക്കുന്നത്. അതിന് അവര്‍ക്ക് കൂട്ടുപിടിക്കേണ്ടി വരുന്നതാകട്ടെ സീസണില്‍ രണ്ട് തവണ തങ്ങളെ തോല്‍പിച്ച മുംബൈയെയും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നായിരുന്നു സീസണില്‍ മുംബൈയും ബ്ലാസ്‌റ്റേഴ്‌സും ആദ്യമായി ഏറ്റുമുട്ടിയത്. കൊച്ചിയില്‍ വെച്ച് നടന്ന മത്സരത്തില്‍ പെരേര ഡയസിന്റെയും മെഹ്താബ് സിങ്ങിന്റെയും ഗോളിന്റെ ബലത്തില്‍ 2-0ന് ഐലാന്‍ഡേര്‍സ് വിജയിച്ചിരുന്നു.

മുംബൈയില്‍ വെച്ച് ജനുവരി എട്ടിന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു മുംബൈയുടെ വിജയം. അതില്‍ ഇരട്ട ഗോള്‍ നേടിയതാകട്ടെ പെരേര ഡയസും. ഗ്രെഗ് സ്റ്റുവാര്‍ട്ടും ബിപിന്‍ സിങ്ങുമായിരുന്നു ശേഷിക്കുന്ന ഓരോ ഗോള്‍ വീതം നേടിയത്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ബെംഗളൂരുവിന് പലതും തെളിയാക്കാനുമുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ വിജയം സാധൂകരിക്കാന്‍ തന്നെയാകും ഛേത്രിയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും മുംബൈ ഫുട്‌ബോള്‍ അരീനയിലേക്കിറങ്ങുക.

Content highlight: Bengaluru FC vs Mumbai City FC, Manjappada to support Mumbai

We use cookies to give you the best possible experience. Learn more