ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാലുഗോളിനു തകര്‍ത്ത് ബെംഗളൂരു എഫ്.സി ഫൈനലില്‍. കലാശ പോരാട്ടത്തില്‍ ഐ ലീഗ് ടീമായ ഈസ്റ്റ് ബംഗാളിനെയാണ് ബെംഗളൂരു നേരിടുക.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബെംഗളൂരു എഫ്.സി നാലു ഗോളുകളുമായി മത്സരത്തിലേക്ക് തിരിച്ചു വന്നത്. അവസാന നാല്‍പ്പതു മിനിട്ടില്‍ പത്തുപേരുമായായിരുന്നു ബെംഗളൂരു മത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം മികുവിന്റെ ഹാട്രിക്കും നായകന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഗോളിന്റെയും പിന്‍ബലത്തിലായിരുന്നു ബെംഗളൂരുവിന്റെ ജയം.
ആദ്യ പകുതിയുടെ അവസാന നിമിഷം ദിബാന്ത ഡികയിലൂടെയാണ് ബഗാന്‍ ലീഡ് നേടിയത്. ഇതിനു പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു താരം നിശുകുമാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. നിഖിലിനെ ഫൗള്‍ ചെയ്തതിനാണ് നിശുകുമാര്‍ കാര്‍ഡ് കണ്ട് പുറത്തായത്.
പത്ത് പേരായി ചുരുങ്ങിയെങ്കിലും മികുവിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ബെംഗളൂരു മത്സരത്തിലേക്ക് തിരിച്ച വരുകയായിരുന്നു. 62-ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഒപ്പമെത്തിച്ച മികു മൂന്നു മിനിറ്റിനുള്ളില്‍ വീണ്ടും ലക്ഷ്യം കണ്ടു. പിന്നീട് 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മികു ഹാട്രിക് പൂര്‍ത്തിയാക്കി.
91-ാം മിനിട്ടിലായിരുന്നു ഛേത്രി ബഗാന്റെ വലയിലേക്ക ഒറ്റയാള്‍ പ്രകടനത്തിലൂടെ അവസാന ഗോളും നിറച്ചത്. രണ്ടു മിനിറ്റിന് ശേഷം ദിപാന്ത ഡിക ബഗാനായി ലക്ഷ്യം കണ്ടെങ്കിലും പരാജയ ഭാരം കുറക്കാനെ അത് സഹായിച്ചുള്ളു.
ഏപ്രില്‍ 20നാണ് ബെംഗളൂരുവും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഫൈനല്‍. എഫ്.സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പിന്റെ ഫൈനലിലെത്തിയത്.