ബെംഗളൂരു: കമ്പനിയുടെ ലോഗോ പതിപ്പിച്ച പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് ഫർണിച്ചർ വ്യാപാരികളായ ഐകിയയോട് പരാതിക്കാരിക്ക് 3000 രൂപ നൽകാൻ ബെംഗളൂരു കോടതി.
സ്വീഡിഷ് കമ്പനിയായ ഐകിയയുടെ നാഗസാന്ദ്ര ശാഖയിൽ നിന്ന് 2022 ഒക്ടോബർ 6ന് സാധനങ്ങൾ വാങ്ങിയ സംഗീത ബോറയോട് പേപ്പർ സഞ്ചിക്ക് 20 രൂപ ഈടാക്കിയിരുന്നു. ഇതിനെതിരെ ഉപഭോക്തൃ കോടതിയിൽ സംഗീത കേസ് ഫയൽ ചെയ്തു.
പേപ്പർ സഞ്ചിക്ക് പണം ഈടാക്കുന്നത് ന്യായമല്ലെന്ന് സംഗീത ഐകിയ ജീവനക്കാരോട് പറഞ്ഞിരുന്നുവെന്നും പർച്ചേസ് നടത്തും മുമ്പ് അധിക തുകയെ കുറിച്ച് അവർക്ക് അറിയില്ലായിരുന്നുവെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
വലിയ മാളുകളും ഷോറൂമുകളും നൽകുന്ന സേവനത്തിൽ നടുക്കം രേഖപ്പെടുത്തിയ കോടതി അന്യായമായ കച്ചവട രീതിയാണെന്നും പറഞ്ഞതായി പി.ടി.ഐ പറയുന്നു.
അതേസമയം സഞ്ചികൾക്ക് വില ഈടാക്കുന്നത് അന്യായമല്ലെന്നും മറച്ചുവെച്ചുകൊണ്ട് സ്ഥാപനം വില ഈടാക്കിയിട്ടില്ലെന്നും ഉപഭോക്തൃ കോടതിയെ അറിയിച്ചു.
എന്നാൽ ചരക്ക് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും വില്പനക്കാരനാണ് വഹിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. 15 കടകളിൽ നിന്ന് സാധനം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താവ് വീട്ടിൽ നിന്ന് 15 സഞ്ചികൾ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
30 ദിവസത്തിനകം ഹരജിക്കാരിക്ക് നഷ്ടപരിഹാരമായി 1000 രൂപയും കോടതി വ്യവഹാര ചിലവുകളിലേക്ക് 2000 രൂപയും 20 രൂപ പലിശയും നൽകണമെന്ന് സ്വീഡിഷ് കമ്പനിയോട് കോടതി നിർദേശിച്ചു.
Content Highlight: Bengaluru Court Orders IKEA To Pay ₹ 3,000 To Customer For Charging Her ₹ 20 For Carry Bag