പോക്‌സോ കേസില്‍ യെദ്യൂരപ്പക്ക് അറസ്റ്റ് വാറന്റ്
national news
പോക്‌സോ കേസില്‍ യെദ്യൂരപ്പക്ക് അറസ്റ്റ് വാറന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 5:33 pm

ബെംഗളൂരു: പോക്‌സോ കേസില്‍ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പക്ക് അറസ്റ്റ് വാറന്റ്. ബെംഗളൂരു കോടതിയാണ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

സി.ഐ.ഡി അപേക്ഷയെ തുടര്‍ന്ന് ബുധനാഴ്ച യെദ്യൂരപ്പക്ക് കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ യെദ്യൂരപ്പ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നേരത്തെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെണ്‍കുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അര്‍ബുദബാധയില്‍ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹരജിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ഐ.ഡി യെദ്യൂരപ്പക്ക് നോട്ടീസ് അയച്ചത്.

Content Highlight: Bengaluru court issues non-bailable arrest warrant against B S Yediyurappa