ബെംഗളൂരു: ബ്രാഹ്‌മണനായി പിറന്നതില്‍ അഭിമാനിക്കുന്ന ‘ബ്രാഹ്‌മിണ്‍ജീന്‍’ സ്റ്റിക്കര്‍ കാറില്‍ പതിച്ച ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് ബെംഗളൂരുവിലെ സംരഭകയായ അനുരാധ തിവാരി. ‘ജസ്റ്റ് ബേര്‍സ്റ്റ് ഔട്ട്’ എന്ന കണ്ടന്റ് മാര്‍ക്കറ്റിങ് കമ്പനിയുടെ സി.ഇ.ഒ ആണ് അനുരാധ. പോസ്റ്റിനെ വിമര്‍ശിച്ചും പിന്തുണച്ചും സാമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഈ പോസ്റ്റ് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഇന്ത്യ ടുഡേ അവതാരകനുമായി നടത്തിയ സംഭാഷണത്തില്‍ ബ്രാഹ്‌മണന്‍മാരെ ഇന്ത്യയിലെ ജൂതന്‍മാരെന്ന് അനുരാധ വിശേഷിപ്പിച്ചു. പണ്ട് ജൂതന്മാര്‍ക്കെതിരായി ഉപയോഗിച്ചിരുന്ന പല ടൂളുകളും ഇപ്പോള്‍ ബ്രാഹ്‌മണന്‍മാര്‍ക്ക് നേരെ ഉപയോഗിക്കപ്പെടുകയാണെന്നും ഇതുവഴി ഇന്ത്യയില്‍ ഇന്നുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ബ്രാഹ്‌മണന്‍മാരാണെന്ന പ്രതീതിയുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അനുരാധ അവകാശപ്പെട്ടു.
രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടെങ്കില്‍ അതിന് കാരണം ബ്രാഹ്‌മണന്മാരാണെന്നും അവര്‍ ജോലികള്‍ തട്ടിയെടുക്കുന്നത് കാരണമാണ് ഇതുണ്ടാകുന്നതെന്നും പറയുന്നു. എന്തിന് ദാരിദ്ര്യത്തിനും സാമൂഹിക അസമത്വത്തിനും കാരണം ബ്രാഹ്‌മണരാണെന്നും പറഞ്ഞ് പരത്തുന്നു. ജൂതന്മാര്‍ക്കെതിരേയും ഇത്തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അതിരുകടന്നിരിക്കുന്നുവെന്നും അനുരാധ പറഞ്ഞു. രാഷ്ട്രീയക്കാര്‍പോലും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ബ്രാഹ്‌മണന്‍മാരുടെ കൂട്ടക്കുരുതിയ്ക്കായി ആവശ്യപ്പെടുകയാണ്.
എന്നാല്‍ അവര്‍ക്കെതിരെ ഒന്നും ഒരു നടപടിയും എടുക്കുന്നില്ലെന്ന് പറഞ്ഞ യുവസംരഭക ജെ.എന്‍.യു പോലുള്ള ക്യാമ്പസുകളില്‍ ബ്രാഹ്‌മണവിരുദ്ധ സംഘടനകള്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതിനാല്‍ നിതിന്‍ ഗഡ്ക്കരിയേയും നിര്‍മല സീതാരാമനേയും പോലുള്ള ബ്രാഹ്‌മണ നേതാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അനുരാധ ചര്‍ച്ചയില്‍ പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരത്തില്‍ ബ്രാഹ്‌മണയായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്ന പോസ്റ്റുകള്‍ ഇവര്‍ പങ്ക് വെക്കുന്നത്. ഇവരുടെ എക്‌സ് അക്കൗണ്ടിലെ ബയോയിലും ബ്രാഹ്‌മിണ്‍ജീന്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ട്.
കൂടാതെ ബ്രാഹ്‌മിണ്‍ ജീന്‍ സ്റ്റിക്കര്‍ പോസ്റ്റിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയപ്പോള്‍ രാജ്യത്തെ രാഷ്ട്രീയക്കാര്‍ 24 മണിക്കൂറും ജാതിയെപ്പറ്റി പറയുന്നതില്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും എന്നാല്‍ ബ്രാഹ്‌മിണ്‍ ജീനിനെക്കുറിച്ച് താന്‍ ഏഴോ എട്ടോ പോസ്റ്റുകള്‍ പങ്ക് വെക്കുന്നത് എങ്ങനെയാണ് വിവാദമാകുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും മറ്റൊരു പോസ്റ്റില്‍ അനുരാധ പറയുന്നു.
Content Highlight: Bengaluru CEO Anuradha Tiwari posts ‘Brahmin Genes’ stamps on car says Brahmins are new Jews