| Saturday, 7th March 2020, 3:44 pm

ബെംഗളൂരു സ്‌ഫോടനക്കേസിലെ യു.എ.പി.എ; സക്കരിയയുടെ ഉമ്മ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബെംഗളൂരു സ്ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് 11 വര്‍ഷമായി ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന സക്കരിയയുടെ മോചനം ആവശ്യപ്പെട്ട് മാതാവ് ബിയ്യുമ്മ സുപ്രീം കോടതിയില്‍.

യു.എ.പി.എ നിയമത്തിന്റെ ഭരണ ഘടനാ സാധുത ചോദ്യം ചെയ്താണ് സക്കരിയയുടെ മാതാവ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റും സംയുക്തമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഇവരുടെ ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. 1967 ല്‍ രൂപീകരിക്കപ്പെട്ട യു.എ.പി.എ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ അനുച്ഛേദം 14 നും 19 നും 21 നും എതിരാണ് ഈ നിയമം എന്നും നിയമത്തിന്റെ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്നും ഹരജിയില്‍ പറയുന്നു.

ബെംഗളൂരു ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടിയാണ് മാതാവ് ബിയ്യുമ്മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മകന് നീതി നിഷേധിക്കുകയാണെന്നും ബിയ്യുമ്മ പറഞ്ഞു.

2008 ജുലൈയില്‍ 25 നടന്ന ബംഗളൂരു സ്ഫോടനക്കേസില്‍ എട്ടാം പ്രതിയായ സക്കരിയ 11 കൊല്ലമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്.

ബോംബുണ്ടാക്കാന്‍ ആവശ്യമായ ടൈമറും മൈക്രോ ചിപ്പും ഉണ്ടാക്കാന്‍ സഹായിച്ചു എന്ന കുറ്റമാണ് സക്കരിയക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

യു.എ.പി.എ എന്ന ഭീകരനിയമം ചുമത്തപ്പെട്ട് വിചാരണക്ക് പോലും വിധേയരാക്കപ്പെടാതെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന അനേകം പേരിലൊരാളാണ് സക്കരിയ.

പത്തൊമ്പതാം വയസില്‍ ജോലിക്ക് പോകുന്നതിനിടെ തിരൂരില്‍ വെച്ചാണ് ബാഗ്ലൂര്‍ പോലീസ് സക്കരിയയെ അറസ്റ്റ് ചെയ്യുന്നത്. വിചാരണ വേളക്കിടെ കേസ്സില്‍ പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴികള്‍ വ്യാജമാണെന്ന് സാക്ഷികള്‍ തന്നെ പരസ്യമായി തുറന്നു പറഞ്ഞിരുന്നു.
മാത്രമല്ല സക്കരിയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ പൊലീസിന് സാധിച്ചിരുന്നുമില്ല.

We use cookies to give you the best possible experience. Learn more