തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി സംവിധായകന്‍. ‘ദി പാര്‍സല്‍’ എന്ന ബംഗാളി ചിത്രത്തിന്റെ സംവിധായകനായ ഇന്ദ്രസിസ് ആചാര്യയാണ് ഐ.എഫ്.എഫ്.കെ സിനിമാ തെരഞ്ഞെടുപ്പ് പാനലിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.
തന്റെ സിനിമ പാനല്‍ അംഗങ്ങള്‍ കാണാതെ തള്ളിക്കളയുകയാണുണ്ടായതെന്ന് ഇന്ദ്രസിസ് ആചാര്യ പറയുന്നു. ഇന്ത്യന്‍ സിനിമാ വിഭാഗത്തിലേയ്ക്കായിരുന്നു ഇന്ദ്രസിസ് സിനിമ അയച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”എന്റെ സിനിമയുടെ ഓണ്‍ലൈന്‍ വീഡിയോ ലിങ്കാണ് ഐ.എഫ്.എഫ്.കെയിലേക്ക് അയച്ചുകൊടുത്തത്. വിമിയോ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് സിനിമ അപ്‌ലോഡ് ചെയ്തിരുന്നത്. തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റില്‍ എന്റെ ചിത്രം ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ വിമിയോ പരിശോധിച്ചു. അപ്പോഴാണ് ചിത്രം പാനല്‍ കണ്ടിട്ടില്ലെന്നു മനസിലായത്.’
വിമിയോയില്‍ അപ്ലോഡ് ചെയ്ത സിനിമകള്‍ കണ്ടോ എന്ന് വീഡിയോ അപ്ലോഡ് ചെയ്തയാള്‍ക്ക് അറിയാന്‍ സാധിക്കും. തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമിയെ സമീപിച്ചത്.” ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.
”സെപ്റ്റംബര്‍ 19ന് എന്റെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കണ്ടൂ എന്നാണ് അക്കാദമി ഭാരവാഹികള്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഞാന്‍ നല്‍കിയിരുന്നില്ല. അതിനാല്‍ അവര്‍ക്ക് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് അവര്‍ സിനിമ കണ്ടെന്നു പറയുന്നത്? അവര്‍ ആ സിനിമ കണ്ടിട്ടില്ല.’- ഇന്ദ്രസിസ് ആചാര്യ പറഞ്ഞു.
ഋതുപര്‍ണ സെന്‍ഗുപ്ത, സസ്വതാ ചാറ്റര്‍ജി എന്നിവര്‍ അഭിനയിച്ച ‘ദി പാര്‍സല്‍’ ജോഗ്ജ-നെറ്റ്പാക് ചലച്ചിതമേള, കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേള എന്നിവിടങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബംഗാളിലെ യുവസംവിധായകരില്‍ ശ്രദ്ധേയനാണ് ഇന്ദ്രസിസ് ആചാര്യ. അദ്ദേഹത്തിന്റെ ‘ബിലു റക്‌ഖോഷ്’, ‘പ്യൂപ’ എന്നീ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ മേളകളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
ഡിസംബര്‍ ആറിന് ചലച്ചിത്രമേള തുടങ്ങാനിരിക്കെയാണ് സിനിമകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
മേളയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സ്വജനപക്ഷപാതം, കച്ചവട സിനിമയോടുള്ള വിധേയത്വം തുടങ്ങിയ പരാതികള്‍ ചലച്ചിത്രമേളയില്‍നിന്നും തിരസ്‌കരിക്കപ്പെട്ട സ്വതന്ത്ര ചിത്രങ്ങളുടെ സംവിധായകര്‍ ഉന്നയിച്ചിരുന്നു.