കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് വടക്കന്‍ ബംഗാളിലെ സിലിഗുരി ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്‍ക്കത്ത സ്വദേശിയായ നടി ചൊവ്വാഴ്ചയാണ് ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്ടോക്കിലേക്ക് പോകാനിരുന്നതാണ്. ഇക്കാര്യം ഹോട്ടല്‍ ജീവനക്കാരെയും അറിയിച്ചിരുന്നു.
എന്നാല്‍ റൂമില്‍ നിന്നും പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ പായലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടി.വി സീരിയലുകളിലും വെബ് സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പായല്‍.
അടുത്ത കാലത്താണ് ടി.വി രംഗത്തു നിന്നു സിനിമയിലേക്ക് മാറിയത്. വിവാഹമോചിതയായ ഇവര്‍ മകനോടോപ്പമാണ് താമസിക്കുന്നത്. അതേസമയം റാഞ്ചിയിലേയ്ക്ക് പോകുകയെന്നാണ് നടി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്.