| Friday, 23rd August 2024, 8:15 pm

പാലേരിമാണിക്യത്തിന്റെ ചര്‍ച്ചക്കിടയില്‍ സംവിധായകന്‍ രഞ്ജിത് അപമര്യാദയായി പെരുമാറി: ബംഗാളി നടി ശ്രീലേഖ മിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരിമാണിക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് രഞ്ജിത്തില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് ശ്രീലേഖ പറഞ്ഞു. പിന്നീട് തന്നെ ആ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും മറ്റ് മലയാളസിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നും ശ്രീലേഖ പറഞ്ഞു.

അകലെ എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് താന്‍ മലയാളത്തിലേക്ക് വന്നതെന്നും പിന്നീട് തന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചുവെന്നും ശ്രീലേഖ പറഞ്ഞു. പാലേരിമാണിക്യത്തിലേക്കെത്തിയപ്പോള്‍ താന്‍ മാനസികമായി സ്വല്പം ഡൗണ്‍ ആയിരുന്നെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് വേണ്ടി ഫോട്ടോഷൂട്ടൊക്കെ നടത്തിയെന്നും വൈകുന്നേരം നിര്‍മാതാവുമായും രഞ്ജിത്തുമായും സംസാരിച്ചെന്നും ശ്രീലേഖ പറഞ്ഞു. ആ സമയത്ത് രഞ്ജിത് നല്ല വിദ്യാഭ്യാസമുള്ള ആളായി തോന്നിയെന്നും ശ്രീലേഖ പറഞ്ഞു.

വൈകുന്നേരം ആ ഹോട്ടലില്‍ വെച്ച് പാര്‍ട്ടിയുണ്ടായിരുന്നെന്നും താന്‍ അതില്‍ പങ്കെടുക്കാതെ മാറി നിന്നെന്നും ശ്രീലേഖ പറഞ്ഞു. ഛായാഗ്രഹകന്‍ വേണുവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന രഞ്ജിത് ആ ഫോണ്‍ തനിക്ക് തന്നെന്നും രഞ്ജിതിന്റെ കൂടെ റൂമിലേക്ക് ക്ഷണിച്ചെന്നും താന്‍ പോയെന്നും ശ്രീലേഖ പറഞ്ഞു. വളരെ ഇരുണ്ട റൂമായിരുന്നു അതെന്നും രഞ്ജിത് തന്റെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. താന്‍ അപ്പോള്‍ തന്നെ ആ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങിയെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

റൂമിലെത്തയ ശേഷം താന്‍ അപ്പോള്‍ തന്നെ ആ സിനിമയില്‍ നിന്ന് പിന്മാറിയെന്നും അക്കാര്യം അസിസ്റ്റന്റ് ഡയറക്ടറെ വിളിച്ച് പറഞ്ഞെന്നും ശ്രീലേഖ പറഞ്ഞു. ആ രാത്രി തനിക്ക് മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് മറ്റ് ഇന്‍ഡസ്ട്രികളും മാതൃകയാക്കണമെന്നും അവര്‍ പറഞ്ഞു.

‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയില്‍ ഗസ്റ്റ് റോള്‍ ചെയ്തുകൊണ്ടാണ് ഞാന്‍ മലയാളസിനിമയിലേക്കെത്തിയത്. ആ സിനിമ വഴിയാണ് എന്നെ രഞ്ജിത് അയാളുടെ അടുത്ത സിനിമയിലേക്ക് വിളിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമ എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതാണ്. അതിന്റെ ഓഡിഷന് വേണ്ടി എന്നെ കൊച്ചിയിലേക്ക് വിളിച്ചു. അയാള്‍ എന്നോട് കഥയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചു. ആ സമയത്തൊക്കെ നല്ല വിദ്യാഭ്യാസമുള്ള ആളായാണ് രഞ്ജിത്തിനെക്കുറിച്ച് തോന്നിയത്.

വൈകുന്നേരം ആ സിനിമയുടെ നിര്‍മാതാവും അതേ ഹോട്ടലിലെത്തി. അവിടെവെച്ച് ഒരു പാര്‍ട്ടിയുണ്ടായിരുന്നു. ഞാന്‍ ആ സമയത്ത് മാനസികമായി സ്വല്പം ഡൗണ്‍ ആയി നില്‍ക്കുകയായിരുന്നു. അതുകൊണ്ട് പാര്‍ട്ടിയില്‍ പങ്കെടുക്കാതെ മാറിനിന്നു. രഞ്ജിത് ആ സമയത്ത് മാറിനിന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. അതിന്റെ ക്യാമറാമാനെയായിരുന്നു രഞ്ജിത് വിളിച്ചുകൊണ്ടിരുന്നത്. എനിക്ക് അയാളെ നേരത്തെ അറിയാം. രഞ്ജിത് ആ ഫോണ്‍ എനിക്ക കൈമാറി. ബഹളത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ വേണ്ടി രഞ്ജിത് അയാളുടെ റൂമിലേക്ക് പോകാമെന്ന് പറഞ്ഞു.

ആ റൂമില്‍ നല്ല ഇരുട്ടായിരുന്നു. അവിടെ വെച്ച് രഞ്ജിത് എന്റെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു. എനിക്കതില്‍ പന്തികേട് തോന്നിയപ്പോള്‍ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നീട് ആ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് തോന്നിയില്ല. ആ രാത്രി ആ ഹോട്ടലില്‍ തങ്ങിയത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കാരണം ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ പുറത്തറിയാന്‍ തുടങ്ങി. എല്ലാ ഇന്‍ഡസ്ട്രികളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാതൃകയാക്കണമെന്നാണ് എന്റെ അഭിപ്രായം,’ ശ്രീലേഖ മിത്ര പറഞ്ഞു.

Content Highlight: Bengali Actress Sreelekha Mithra alleged against director Ranjith

We use cookies to give you the best possible experience. Learn more