കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി. ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. അതിക്രമം ഉണ്ടായതിന്റെ അടുത്ത ദിവസം തന്നെ ഇക്കാര്യം ഡോക്യുമെൻ്ററി സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര പരാതി നല്‍കിയിരിക്കുന്നത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു അതിക്രമം നേരിട്ടതെന്ന് ശ്രീലേഖ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതോടെ, ഞായറാഴ്ച ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തും ‘അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖും രാജിവെച്ചിരുന്നു. ശ്രീലേഖ മിത്ര ഉന്നയിച്ച വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രഞ്ജിത്ത് രാജിവെച്ചത്. യുവനടിയായ രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടന്‍ സിദ്ദിഖും രാജിവെച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ രഞ്ജിത്തിനും സിദ്ദിഖിനുമെതിരെ കേസെടുക്കണമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കൊച്ചിസിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. വൈറ്റില സ്വദേശിയായ അജികുമാറാണ് പരാതി നല്‍കിയത്. സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നത്.
Content Highlight: Bengali actress filed a police complaint against Ranjith