കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കേന്ദ്രസേനക്കെതിരെ ബി.ജെ.പി ബംഗാള്‍ ഘടകം. സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചതും വോട്ടിങ്ങിലെ ക്രമക്കേടും ബംഗാളില്‍ ബി.ജെ.പിയുടെ സാധ്യത കുറച്ചുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ബംഗാളിലെ ലോക്‌സഭാ സീറ്റുകളില്‍ ഭൂരിഭാഗവും പിടിച്ചെടുക്കുമെന്ന പാര്‍ട്ടിയുടെ വാദം പാളിയതിനെ തുടര്‍ന്നാണ് പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിച്ചത്. എന്നാല്‍ സേനയ്ക്ക് ബംഗാളില്‍ സ്വതന്ത്രമായ ഒരു റോള്‍ ഇല്ലായിരുന്നുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പിലുടനീളം കേന്ദ്രസേനയെ സംസ്ഥാന പൊലീസ് നിയന്ത്രിക്കുകയായിരുന്നുവെന്നും സുവേന്ദു പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പിലെ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടി റാണാഘട്ടിലെ ബി.ജെ.പി എം.പി ജഗന്നാഥ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. കേന്ദ്രസരണക്കെതിരെയും എം.പി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തൃണമൂല്‍ പകരക്കാരെ വെച്ച് കള്ളവോട്ടിങ് തുടരുമ്പോള്‍ കേന്ദ്രസേന എന്ത് ചെയ്യുകയായിരുന്നുവെന്നാണ് ജഗന്നാഥ് സര്‍ക്കാര്‍ ചോദിച്ചത്. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുമ്പോഴുള്ള സേനയുടെ പേരുമാറ്റം താന്‍ സൂക്ഷമമായി നിരീക്ഷിച്ചു. തൃണമൂല്‍ ക്രമക്കേട് നടത്തുമ്പോള്‍ അതിന്റെ അടുത്ത് വരാന്‍ പോലും സേന തയ്യാറായില്ലെന്നും ജഗന്നാഥ് പറഞ്ഞിരുന്നു.
കൂച്ച് ബീഹാറിലെ എട്ട് ബൂത്തുകളില്‍ വ്യാജ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി നിഷിത് പ്രമാണിയും ആരോപിച്ചിരുന്നു.
അതേസമയം ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 29 സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ ഒറ്റക്കക്ഷിയായി മാറി. 12 സീറ്റ് നേടിയ ബി.ജെ.പി രണ്ടാം സ്ഥാനത്ത് നിലയുറക്കുകയും ചെയ്തു. ഒറ്റ സീറ്റ് നേടിക്കൊണ്ട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായല്ല മത്സരിച്ചത്.
ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ വനിതാ എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ബംഗാളില്‍ നിന്നാണ്. കൂടുതല്‍ വനിതകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് തൃണമൂല്‍ കോണ്‍ഗ്രസുമാണ്. 29 വനിതാ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് 11 പേര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Content Highlight: Bengal unit of BJP against central forces in defeat in Lok Sabha elections