|

ഇത്രയുമായിട്ടും കേന്ദ്രം അനങ്ങുന്നില്ല, പക്ഷെ ഞങ്ങള്‍ക്ക് അത് പറ്റില്ല; പെഗാസസ് വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നതിനായി റിട്ടയഡ് ജസ്റ്റിസ് എം.വി. ലോകുര്‍, ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ പാനലിനെ രൂപീകരിക്കാന്‍ തീരുമാനിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ നമ്പറും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

‘പെഗാസസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ സര്‍ക്കാര്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് നീതിവേണം,’ അഭിഷേക് ബാനര്‍ജി പറഞ്ഞു.

അനധികൃത ഹാക്കിംഗ്, ഫോണ്‍ ചോര്‍ത്തല്‍, നിരീക്ഷണം എന്നിവ പരിശോധിക്കാനാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

രാജ്യത്തെ പ്രമുഖരുടെയടക്കം ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായി വിവരങ്ങള്‍ പുറത്ത് വന്നിട്ടും കേന്ദ്രം ഒരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300 ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രീയ നേതാക്കള്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങി രാജ്യത്ത് നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bengal Sets Up First Panel To Investigate The Pegasus Row