പെട്ടെന്നുള്ള ആശുപത്രി സന്ദര്‍ശനം, പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടല്‍; ബംഗാളില്‍ മമതയുടെ പുതിയ മുഖം
national news
പെട്ടെന്നുള്ള ആശുപത്രി സന്ദര്‍ശനം, പ്രതിപക്ഷ കക്ഷികളുടെ സഹകരണം തേടല്‍; ബംഗാളില്‍ മമതയുടെ പുതിയ മുഖം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 8:21 pm

പെട്ടെന്ന് തന്നെ എന്ത് തീരുമാനവും എടുക്കുന്ന, ക്ഷിപ്രകോപിയും ആയ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലക്കാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പൊതുവില്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. പക്ഷെ കൊറോണ വൈറസ് വ്യാപനത്തിന് ശേഷം മമതയുടെ മറ്റൊരു മുഖമാണ് ഇപ്പോള്‍ കാണാനാവുന്നത്.

അധികം പേര്‍ നേരത്തെ കണ്ടിട്ടില്ലാത്ത, അറിയാത്ത അവധാനതയോടുള്ള ഇടപെടലാണ് മമത ബാനര്‍ജി ഇപ്പോള്‍ ബംഗാളില്‍ നടത്തുന്നത്.രോഗം ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ മമത ബാനര്‍ജി പ്രതിരോധ നടപടികള്‍ ആരംഭിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊല്‍ക്കത്തയിലെ ക്വറന്റൈന്‍ സെന്ററുകളിലും ആശുപത്രികളിലും മമത ബാനര്‍ജി അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്തി. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാസ്‌കുകളും സാനിറ്റൈസേഴ്‌സും നല്‍കിയത് പൊതുവേ മികച്ച അഭിപ്രായമാണുണ്ടാക്കിയത്.

‘നിങ്ങള്‍ നല്ല പോലെ ശ്രദ്ധിക്കണം. നിങ്ങള്‍ വീണുപോയാല്‍, ജനങ്ങള്‍ക്ക് ആരും സഹായത്തിനില്ലാതെ പോവും’, എന്ന് ഡോക്ടര്‍മാരോട് മമത പറഞ്ഞു. ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കുന്ന സമീപനം സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കി.

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രി ആകെ കൊവിഡ് 19 ചികിത്സക്ക് വേണ്ടി മാറ്റിയത് ഉള്‍പ്പെടെ നിരവധി ഭരണപരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിപക്ഷ കക്ഷികള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്താറുള്ള മമത അത്തരം വിമര്‍ശനങ്ങളൊന്നും ഈ സമയത്ത് നടത്തിയില്ല.

അടുത്തിടെ നടന്ന സര്‍വ്വകക്ഷി യോഗത്തിലെ മമതയുടെ സമീപനം പ്രതിപക്ഷ കക്ഷി നേതാക്കളുടെ മികച്ച അഭിപ്രായം നേടി. അന്തര്‍ദേശീയ വിമാനങ്ങളും ദീര്‍ഘ ദൂര തീവണ്ടികളും ബംഗാളിലേക്ക് വരുന്നത് തടയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ആരോഗ്യ രംഗത്തെ വിദഗ്ധരുടെയും ജനങ്ങളുടെയും മതിപ്പ് പിടിച്ചു പറ്റി.

ആവശ്യത്തിനുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് മമത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ വിമര്‍ശനം നടത്തുമ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പേര് പറയാതിരിക്കാന്‍ മമത പ്രത്യേകം ശ്രദ്ധിച്ചു. നേരത്തെ കാണാത്ത അവധാനതയോടുള്ള മമതയുടെ ഇടപെടല്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ