കൊല്‍ക്കത്ത; ബംഗാളിന്റ ഇന്നത്ത അവസ്ഥയ്ക്ക് കാരണം ആ സംസ്ഥാനം പിന്തുടര്‍ന്നുപോകുന്ന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹാല്‍ഡിയ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമര്‍ശം. ഇടതുമുന്നണി സര്‍ക്കാരിന്റെ രണ്ടാം പതിപ്പാണ് മമതയുടെ കീഴില്‍ ബംഗാളില്‍ നടക്കുന്നതെന്ന് മോദി പറഞ്ഞു.
‘ബംഗാള്‍ പിന്തുടരുന്ന രാഷ്ട്രീയമാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ ഗതിയ്ക്ക് കാരണം. ഇടതുപക്ഷ സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്ന ഭരണമാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്’, മോദി പറഞ്ഞു.
ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് പ്രചാരണത്തിന്റെ ഭാഗമായി മോദി ബംഗാളിലെത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രകടനമാണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക